തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷത്തിൽ പരാതി നൽകി SFI. കണ്ടൊണ്മെന്റ് SHO ക്കും, SI ക്കും എതിരെ മ്യുസിയം പൊലീസിൽ SFI പരാതി നൽകി. വിദ്യാർത്ഥികളെ തലക്കടിച്ചു പരിക്കേല്പിച്ച സംഭവത്തിൽ ഇരുവർക്കുമേതിരെ വധശ്രമത്തിന് കേസ് എടുക്കണം എന്നാണ് പരാതി. നേരത്തെ കണ്ടോൺമെന്റ് എസ്ഐ ഗോകുലിനെതിരെ ഹൈക്കോടതിയിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദൻ പരാതി നൽകി. എസ്ഐ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് പരാതി.
ഗോകുലിനെ സസ്പെൻഡ് ചെയ്ത് വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ഫോൺ ട്രാക്കിങ് സ്വകാര്യതയുടെ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.കണ്ടോൺമെന്റ് സ്റ്റേഷന് പുറത്തുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി നിയോഗിക്കണമെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. പരാതിയിൽ ഹൈക്കോടതി തുടർനടപടി സ്വീകരിക്കുമെന്നാണ് വിവരം.
അതേസമയം, എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ കന്റോൺമെന്റ് എസ്ഐ ഗോകുൽ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സ്പെഷ്യൽ ബ്രാഞ്ച് എസിപിയാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർ പരിശോധിച്ചുവരികയാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്ഐ ഗോകുലിനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
എസ്ഐ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദൻ നേരത്തെ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും തുടർനടപടിയിൽ അന്തിമ തീരുമാനം ഉണ്ടാകുക.






