ഉത്തരാഖണ്ഡ്: ഹല്‍ദ്വാനിയിലെ ശുദ്ധീകരണ വിവാദത്തിന് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ കേസ് എടുത്ത് ഉത്തരാഖണ്ഡ് പൊലീസ്. മതപരമായ ചടങ്ങിന് രാഹുല്‍ ഗാന്ധി ജാതീയമായ വ്യാഖ്യാനം നല്‍കിയെന്ന് ആരോപിച്ചാണ് കേസ്. വാല്‍മീകി സമുദായത്തില്‍പ്പെട്ട അമിത് കുമാര്‍ നല്‍കിയ പരാതിയില്‍ ആണ് കേസ്.
BNS ലെ 196, 299 എസ്‌സി / എസ് ടി നിയമത്തിലെ 3 (1) (Q) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വേദിയില്‍ ശുദ്ധീകരണം നടത്തിയവര്‍ക്ക് എതിരെ കേസ് എടുക്കാന്‍ പ്രധാനമന്ത്രിയോട് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന് എതിരായ കേസ്.
ശുദ്ധീകരണ വിവാദത്തെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നതയുണ്ട്. വിഷയം ആശങ്ക ഉണര്‍ത്തുന്നതാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. കൂടാതെ ഇപ്പോഴും സാമൂഹ്യ സാഹചര്യങ്ങള്‍ മാറാതിരിക്കുന്നത് സര്‍ക്കാരിനും ആശങ്ക ഉണ്ടാക്കുന്നതാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
എന്നാല്‍, ശുദ്ധീകരണത്തെ തുടക്കം മുതലേ ന്യായീകരിച്ച് രംഗത്തെത്തിയ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ക്ഷേത്രം ഉള്‍പ്പെടുന്ന മൈതാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചില മുദ്രാവാക്യങ്ങള്‍ വിളിച്ചത് കൊണ്ടാണ് ദലിതര്‍ അടക്കം ചേര്‍ന്ന് ശുദ്ധീകരിച്ചത് എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഓഗസ്റ്റ് 8നാണ് ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത കോണ്‍ഗ്രസിന്റെ റാലി നടന്നത്. ഇതിനു പിന്നാലെയാണ് വേദിയിലും ഗ്രൗണ്ടിലും ചാണകവെള്ളവും ഗംഗാതീര്‍ത്ഥവും തളിച്ച് ശ്രീരാമ സേന എന്ന സംഘടന ശുദ്ധിയാക്കിയത്.







