കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വികാരാധീനനായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഉത്തരാഖണ്ഡില്‍ തനിക്ക് എതിരെ ജാതി അധിക്ഷേപം നടന്നതില്‍ സിഡബ്ല്യുസിയിലെ എല്ലാവരും പിന്തുണച്ചില്ലെന്ന് ഖര്‍ഗെ പറഞ്ഞു. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സുമുഖരായ ചില നേതാക്കള്‍ പോലും പരസ്യമായി ഒന്നും പറഞ്ഞില്ലെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.
തന്നെ അപമാനിച്ച സംഭവത്തെ തള്ളി പറയാന്‍ പ്രവര്‍ത്തക സമിതിയിലെ ചിലര്‍ തയാറായില്ല. ഇത് തന്നെ വേദനിപ്പിച്ചെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഖര്‍ഗെ പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി സന്ദര്‍ശിച്ചതിന് ശേഷം തനിക്കെതിരെ നടന്ന ‘ശുദ്ധീകരണ’ ചടങ്ങില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളില്‍ പലരും പരസ്യമായി പിന്തുണ അറിയിക്കുകയോ അതിനെ അപലപിക്കുകയോ ചെയ്യാത്തതില്‍ തനിക്ക് വേദനയുണ്ട്. താന്‍ ഒരു ദളിതനായതുകൊണ്ട് ആരും തന്നെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഈ ‘ശുദ്ധീകരണ’ ചടങ്ങ് തന്നെ അപമാനിക്കുന്നതായി തോന്നിയെന്നും ഖാര്‍ഗെ പറഞ്ഞു.
ഹല്‍ദ്വാനിയിലെ ശുദ്ധീകരണ ചടങ്ങിനെ കോണ്‍ഗ്രസ് തള്ളി പറഞ്ഞിട്ടുണ്ടെന്ന് കെ സി വേണുഗോപാല്‍ പ്രവര്‍ത്തക സമിതിയില്‍ പറഞ്ഞു.
ഉത്തരാഖണ്ഡ് ഹല്‍ദ്വാനിയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ പ്രസംഗിച്ച് മടങ്ങിയതിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ വേദി ശുദ്ധീകരിച്ചെന്നാണ് ഖര്‍ഗെ പറഞ്ഞത് താന്‍ ദളിതനായതുകൊണ്ടാണെന്ന് അങ്ങനെ ചെയ്തതെന്നും അപമാനിതനായെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍, വേദി ശുദ്ധീകരിച്ചത് ശ്രീരാം സേന എന്ന സംഘടനയാണെന്നും ഇതുമായി ബിജെപിക്ക് ബന്ധമില്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.








