തിരുവനന്തപുരത്ത് പൊതുസ്ഥലത്തു ഏറ്റുമുട്ടി വിദ്യാര്‍ഥികള്‍. കൊടുവഴന്നൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥികളാണ് പൊതുവഴിയില്‍ ഏറ്റുമുട്ടിയത്. റാഗിങ്ങിന്റെ പേരില്‍ പ്ലസ് ടു വിദ്യാര്‍ഥി പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ആക്രമിച്ചതാണെന്ന് മര്‍ദനമേറ്റ വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ നഗരൂര്‍ പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ 24 ന് ലഭിച്ചു.
സ്കൂള്‍ പരിസരത്തിനു പുറത്ത് പൊതുവഴിയിലായിരുന്നു സിനിമ സ്റ്റൈല്‍ ഏറ്റുമുട്ടല്‍. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങുന്നത് സംബന്ധിച്ചുള്ള വിഷയമാണ് അടിപിടിയില്‍ കലാശിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങുന്നത് പ്ലസ് ടു വിദ്യാര്‍ഥികള്‍ വിലക്കിയിരുന്നു. പിന്നാലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ ക്ലാസിലെത്തി അടിച്ചു തീര്‍ക്കാന്‍ വെല്ലുവിളിച്ചു. ഇതാണ് പൊതുവഴിയിലെ സംഘര്‍ഷത്തിലേക്ക് നയിച്ചത്.
മര്‍ദനമേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥി പ്രാഥമിക ചികിത്സ തേടി. വിദ്യാര്‍ഥിയുടെ സഹോദരന് പരാതിയുമായി നഗരൂര്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് എതിരെ നടപടിയെടുക്കുമെന്നാണ് വിവരം.







