ബിജെപി കൗൺസിലർ സുഗതന്റെ ഇടക്കാല ജാമ്യത്തിൽ പ്രതികരിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ്. സത്യപ്രതിജ്ഞ ചെയ്യാൻ ജാമ്യം കിട്ടണമെന്നില്ല. ഇടക്കാല ഉത്തരവ് മാത്രം മതി. ഹൈക്കോടതിയുടെ ഇൻറിം ഓർഡർ കിട്ടിയാൽ മതി. കോടതി എന്താണ് പറയുന്നത് അതുപോലെ കാര്യങ്ങൾ ചെയ്യുമെന്നും വി വി രാജേഷ് ട്വന്റിഫോറിനോട് വ്യക്തമാക്കി.
ഹൈക്കോടതിയുടെ ഉത്തരവ് കൂടി വന്നാൽ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ വരാൻ പറ്റൂ. പറഞ്ഞ സമയത്തിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യണമെങ്കിൽ ഹൈക്കോടതിയുടെ ഉത്തരവ് വരണം. നാലാഴ്ച സമയമാണ് കോടതി അനുവദിച്ചിരുന്നത്. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ ഒരുപാടുണ്ടാകും. അതൊക്കെ അതിൻറെ രീതിയിൽ നടന്നു കൊള്ളട്ടെ.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതൽ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്. കോർപ്പറേഷനോട് കോടതി എന്താണോ ചോദിക്കുന്നത് അപ്പോൾ മാത്രം മറുപടി പറയും. ബിജെപിയുടെ ഇടപെടൽ എന്തായിരിക്കും എന്ന് നേതൃത്വത്തോട് ചോദിക്കണമെന്നും വി വി രാജേഷ് കൂട്ടിച്ചേർത്തു.
അതേസമയം വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ഇടക്കാല ജാമ്യം ലഭിച്ചു. നഗരസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനാണ് ജാമ്യം അനുവദിച്ചത്. നെടുമങ്ങാട് കോടതിയാണ് ഇടക്കാല ജാമ്യം നൽകിയത്. ജൂലൈ 13 ന് വൈകിട്ട് അഞ്ച് മുതല്‍ ജൂലൈ 14 രാത്രി 9 മണി വരെയാണ് ഇളവ് അനുവദിച്ചത്. നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകൾക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതിയെ ബിജെപിയും സമീപിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ.വട്ടിയൂർക്കാവ് പൊലീസിൻ്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ സുഗതൻ. 2019 ഓഗസ്റ്റ് 25 ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20 ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു.
2023 ജൂലൈ 17 ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, 2025 മാർച്ച് 14 ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2-ന് അന്ന് എംഎൽഎ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ് സുഗതൻ. ഈ കേസുകൾ എല്ലാം നിലനിൽക്കെയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാർഥിയാക്കിയത്.






