നഴ്സസ് ശമ്പള വർധനയിൽ അമല, ജൂബിലി ആശുപത്രികൾ വാഗ്ദാനം നടപ്പാക്കാത്തതോടെ തൃശ്ശൂർ ജില്ലയിലെ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്. 48 മണിക്കൂറിനകം ജില്ലാതലത്തിൽ ശക്തമായ സമരം നടത്തും. സമരത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ആശുപത്രിയിൽ രോഗികളെ മാറ്റാൻ 48 മണിക്കൂർ സമയം നൽകുമെന്ന് യുഎൻഎ വ്യക്തമാക്കി.
തൃശൂർ അമല ,ജൂബിലി ആശുപത്രികളിൽ സമരം ചെയ്യുന്ന നഴ്സസിന് പിരിച്ചുവിടൽ ഭീഷണിയുമായി മാനേജ്മെന്റ് രംഗത്തെത്തിയിരുന്നു. സമരത്തെ തുടർന്ന് ഒഴിവുകൾ മിക്കതും നികത്തിക്കഴിഞ്ഞുവെന്നും സമരക്കാർ ഇനി തിരിച്ച് വന്നാലും കാര്യങ്ങൾ ആലോചിക്കേണ്ടി വരുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി. ഏപ്രിൽ ഒന്നിന് വേതന വർദ്ധനവ് നടപ്പാക്കിയതാണെന്നും അത് ഇപ്പോൾ നടപ്പാക്കിയെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രചാരണം നടത്തുന്നതെന്നും മാനേജ്മെന്റ് പ്രതിനിധികൾ ആരോപിച്ചു.
അതേസമയം ശമ്പള വർദ്ധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കണ്ണൂരിലെ ആറു സ്വകാര്യ ആശുപത്രിയിലെ നഴ്സസ് 52 ദിവസമായി സമരം തുടരകയാണ്. നഴ്സസുമായി ആശുപത്രി മാനേജ്മെന്റുകൾ കരാർ ഒപ്പിടാൻ തയ്യാറാകാത്തതോടെ സമരം കളക്ടറെറ്റിനു മുന്നിലേക്ക് നീട്ടി. ശനിയാഴ്ച കരാർ ഒപ്പിടുമെന്ന വാഗ്ദാനത്തിൽ നിന്ന് മാനേജന്റ് പിന്നോട്ട് പോയതോടെയാണ് സമരം ശക്തമാക്കിയത്.കരാർ ഒപ്പിട്ടാൽ മറ്റു ജില്ലകളിലും നടപ്പാക്കേണ്ടി വരുമെന്ന ആശങ്കയാണ് മാനേജ്മെൻ്റുകൾക്ക് എന്ന് INA സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ശിഹാബ് പറഞ്ഞു.






