ടോക്കിയോവിലെ വെങ്കലം സ്വർണമാക്കുകയെന്ന ലക്ഷ്യവുമായാണ് പി.ആർ. ശ്രീജേഷ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ഗോൾവല കാക്കാൻ ഇറങ്ങുന്നത്.
പാരിസ് ഒളിംപിക്സിൽ മത്സരിക്കാനിറങ്ങുന്ന ഇന്ത്യൻ ടീമിൽ 7 പേർ മലയാളികളാണ്. കേരളത്തിന്റെ ആ അഭിമാന താരങ്ങൾ ആരൊക്കെയെന്ന് നോക്കാം. ഏഴ് മലയാളി താരങ്ങളാണ് ഇത്തവണ ഒളിംപിക്സിൽ മാറ്റുരക്കുന്നത്. പി.ആർ. ശ്രീജേഷ് നാലാമത്തെയും അവസാനത്തെയും ഒളിംപിനിറങ്ങുമ്പോൾ ബാഡ്മിന്റണിൽ എച്ച്.എസ്. പ്രണോയ്ക്ക് ആദ്യ ഒളിംപിക്സാണ്. 4×400 മീറ്റർ പുരുഷ റിലേയിൽ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവർ ഇറങ്ങുമ്പോൾ മിജോ ചാക്കോ കുര്യൻ മിക്സഡ് റിലേയിലും അബ്ദുള്ള അബൂബക്കർ ട്രിപ്പിൾ ജംപിലും മത്സരിക്കും.
ശ്രീജേഷും പ്രണോയിയും
ടോക്കിയോവിലെ വെങ്കലം സ്വർണമാക്കുകയെന്ന ലക്ഷ്യവുമായാണ് പി.ആർ. ശ്രീജേഷ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ഗോൾവല കാക്കാൻ ഇറങ്ങുന്നത്. 36കാരനായ എറണാകുളം സ്വദേശി ശ്രീജേഷിന്റെ അവസാന ഒളിംപിക്സ് കൂടിയാകും പാരീസിലേത്. ബാഡ്മിന്റൺ സിംഗിൾസിൽ ലോക 13ാം റാങ്കിലുള്ള പ്രണോയ് പരിക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളും മറികടന്നാണ് ഒളിംപിക്സിനിറങ്ങുന്നത്. പുതിയ പരിശീലകനും മുൻ ഇന്ത്യൻ താരവുമായ ഗുരുസായ് ദത്തിനൊപ്പം കഠിന പരിശീലനത്തിലാണ്. ലോക ചാമ്പ്യൻഷിപ്പിനിടെയുണ്ടായ ഭക്ഷ്യവിഷബാധ താരത്തെ തളർത്തിയിരുന്നു. തുടർന്ന് ഈ വർഷം കളിച്ച ആറ് ഗ്രാൻപ്രീ ടൂർണമെന്റുകളിലും ആദ്യ റൗണ്ടിൽ പുറത്തായി. കഴിഞ്ഞ മാസം ഓസ്ട്രേലിയൻ ഓപ്പണിൽ ക്വാർട്ടറിലെത്താൻ കഴിഞ്ഞതോടെ ഒളിംപിക്സിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് തിരുവനന്തപുരം സ്വദേശിയായ ഈ 32കാരൻ.
റിലേയിലെ പ്രതീക്ഷ
ഒറ്റ ലാപ്പിലെ ഇന്ത്യൻ രാജകുമാരനായ കേരളത്തിന്റെ ‘നിലമേൽ എക്സ്പ്രസ്’ മുഹമ്മദ് അനസിന്റെ മൂന്നാം ഒളിംപിക്സാണിത്. 2016ൽ റയോ ഒളിമ്പിക്സിൽ 400 മീറ്റർ വ്യക്തിഗത ഇനത്തിലാണ് കൊല്ലം സ്വദേശി മത്സരിച്ചിരുന്നത്. മിൽഖ സിങിനും കെ.എം. ബിനുവിനും ശേഷം ഒളിമ്പിക്സിൽ 400 മീറ്ററിൽ മത്സരിക്കാൻ യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു അനസ്.
ടോക്കിയോയിൽ 4×400 മീറ്റർ പുരുഷ റിലേയിലും 4×400 മീറ്റർ മിക്സഡ് റിലേയിലുമാണ് മത്സരിച്ചത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 4×400 മീറ്റർ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അനസിനൊപ്പമുണ്ടായിരുന്നവരാണ് പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി അജ്മലും കോട്ടയംകാരൻ ഡൽഹി മലയാളി അമോജും. അമോജ് ടോക്കിയോ ഒളിംപിക്സിലും ടീമിലുണ്ടായിരുന്നു. അജ്മലിന്റെ ആദ്യ ഒളിംപിക്സാണ്. സൈനികനായ കർണാടക മലയാളി മിജോ കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
പേരിനൊരു പെൺതരിയില്ല
ടോക്കിയോയിലേതുപോലെ ഇത്തവണയും ഒളിംപിക്സിലേക്ക് കേരളത്തിൽനിന്ന് ഒരൊറ്റ വനിത താരത്തിനും യോഗ്യത മാർക്ക് കടക്കാനായില്ലെന്നത് നിരാശയാണ്. കർണാടകയുടെ നീന്തൽ താരം 14കാരി ധിനിധി ദേസിംഗൂവിന്റെ മാതാവ് കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജസിതയാണെന്നതും ഒളിംപ്യൻ എം.ആർ പൂവമ്മയുടെ ഭർത്താവ് ജിതിൻ പോളിലും ഒതുങ്ങും വനിതകളിൽ ട്രാക്കിന് പുറത്തെ മലയാളി പെരുമ.
ട്രിപ്പിളിൽ അബ്ദുള്ള
കോഴിക്കോട് നാദാപുരം സ്വദേശിയായ അബ്ദുള്ള അബൂബക്കർ 2022 കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവാണ്. ബെംഗലൂരു സായി സെന്ററിലെ ഇന്ത്യൻ ക്യാമ്പിലാണ് താരത്തിന്റെ പരിശീലനം. 28ന് പാരിസിലേക്ക് തിരിക്കും. ഓഗസ്റ്റ് ഏഴിനാണ് മത്സരം. അവസാനവട്ട ഒരുക്കത്തിനായി പോളണ്ടിൽ പരിശീലനത്തിന് പോകേണ്ടതായിരുന്നെങ്കിലും റഷ്യക്കാരൻ കോച്ച് ഡെനിസ് കപ്പൂസ്റ്റ്യന് പോളണ്ട് വിസ നിഷേധിച്ചത് തിരിച്ചടിയായി. എങ്കിലും സ്വന്തം തട്ടകത്തിൽ കഠിന പരിശീലനത്തിലാണ് അബ്ദുള്ള.