അടുത്ത ഐപിഎൽ സീസണിന് മുമ്പ് ഋഷഭ് പന്ത് ഡൽഹി ക്യാപ്പിറ്റൽസ് വിട്ടേക്കുമെന്ന് റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് താരം ചേക്കേറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം അടുത്ത സീസണിൽ മഹേന്ദ്ര സിംഗ് ധോണി ഉണ്ടാകുമോയെന്ന് ഇപ്പോഴും വ്യക്തമല്ല. ഐപിഎൽ കരിയർ അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കേയാണ് താരത്തിന്റെ കൂടുമാറ്റ വാർത്തകൾ സജീവമാകുന്നത്.
നിലവിൽ ഡൽഹി ടീമിന്റെ ക്യാപ്റ്റനായ പന്ത് ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം കൂടിയാണ്. അതേസമയം ക്യാപ്റ്റൻ സ്ഥാനത്ത് ധോണിക്ക് പകരക്കാരനായി ഋതുരാജ് ഗെയ്ക്‌വാദിനെ ചെന്നൈ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ വിക്കറ്റിന് പിന്നിൽ ധോണിക്ക് പകരക്കാരനെ കണ്ടെത്താൻ ചെന്നൈക്ക് കഴിഞ്ഞിട്ടില്ല.
ശ്രേയസ് അയ്യരുടെ വിടവാങ്ങലിനെ തുടർന്ന് 2021ലാണ് പന്ത് ഡൽഹി ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തുന്നത്. ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗ് ഡിസി ഫ്രാഞ്ചൈസിയിൽ നിന്ന് വിടവാങ്ങുന്നതായി പ്രഖ്യാപിച്ചതോടെ പന്തും ടീം വിടാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. 2016ൽ ഡൽഹിക്കൊപ്പമാണ് പന്ത് കരിയർ തുടങ്ങുന്നത്. പന്തിന്റെ നേതൃത്വത്തിൽ ഡൽഹി ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തിയെങ്കിലും രണ്ട് യോഗ്യതാ മത്സരങ്ങളും തോറ്റ് ഫൈനലിലെത്താനായില്ല.
പന്തിനെ വിട്ടുനൽകിയാൽ ഡൽഹി ക്യാപിറ്റൽസും ഒരു വിക്കറ്റ് കീപ്പർ ബാറ്ററെയും ക്യാപ്റ്റനെയും ഡൽഹി കണ്ടെത്തേണ്ടി വരും. കഴിഞ്ഞ സീസണിൽ ഒരു മത്സരത്തിൽ റിഷഭ് വിട്ടുനിന്നപ്പോൾ ഡൽഹിയെ നയിച്ചത് യുവ ഇന്ത്യൻ ഓൾ റൗണ്ടർ അക്സർ പട്ടേലാണ്.