ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനെത്തിയ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച നടപടി മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പോലീസ് റിപ്പോർട്ട്. എസ്‌ഐആറിനെതിരെ പെട്ടെന്നുണ്ടായ പ്രതിഷേധമല്ല എന്ന് പൊലീസ് റിപ്പോർട്ട്. നൂറോളം പേർ തടിച്ചുകൂടിയെന്നും സഹായത്തിനു വേണ്ടി പ്രാദേശിക ജില്ല ഭരണകൂടത്തെ ബന്ധപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉദ്യോഗസ്ഥരുമായി പോയ വാഹനത്തിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. ആക്രമണത്തിൽ പൊലീസ് സബ് ഇൻസ്പെക്ടർക്കും ജവാന്മാർക്കും പരിക്കേറ്റു. വാഹനത്തിന്റെ ഡ്രൈവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വാഹനത്തിൽ ഉണ്ടായിരുന്ന പരിക്കേറ്റ ജവാൻമാരെ ആൾക്കൂട്ടം ഭീഷണിപ്പെടുത്തി എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിൽ മുഖ്യസൂത്രധാരൻ AIMIM നേതാവ് മോഫക്കറുൽ ഇസ്ലാം അറസ്റ്റിലായിരുന്നു. സംഭവത്തിൽ ഇതുവരെ 35 പേർ അറസ്റ്റിലായി. കേസിൽ എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാൾഡ പോലീസിൽ നിന്ന് എൻഐഎ ശേഖരിച്ചു. അതേസമയം ബംഗാളിൽ 2.4 ലക്ഷം കേന്ദ്ര സേനാ അംഗങ്ങളെ വിന്യസിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് തിരഞ്ഞെടുപ്പിന് ഒരു സംസ്ഥാനത്ത് ഇത്രയധികം സേനാവിന്യാസം നടത്തുന്നത്.









