സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 14 വര്‍ഷം. പാട്ടുകളുടെ ഒരു പ്രപഞ്ചം തന്നെ ബാക്കിയാക്കിയാണ് ജോണ്‍സണ്‍ യാത്രയായത്. ജോണ്‍സണ്‍ മാഷില്ലാതെ മലയാളികള്‍ക്ക് ഒരു ജീവിതം ജീവിച്ചു തീര്‍ക്കാന്‍ സാധിക്കില്ല. സന്തോഷത്തിലും ദുഖത്തിലും ജോണ്‍സണ്‍മാഷിന്റെ ഏതെങ്കിലും ഒരു പാട്ട് നമുക്കൊപ്പമുണ്ടാകും.
തൃശ്ശൂര്‍ നെല്ലിക്കുന്ന സ്വദേശിയാണ് ജോണ്‍സണ്‍. അതുല്യ സംഗീതജ്ഞന്‍ ജി ദേവരാജന്റെ ശിഷ്യനായാണ് ജോണ്‍സന്റെ തുടക്കം. ഹാര്‍മോണിയത്തോടും ഗിറ്റാറിനോടുമാടിരുന്നു പ്രിയം. ആരവം എന്ന ഭരതന്‍ സിനിമയിലൂടെയാണ് ജോണ്‍സണ്‍ സിനിമാലോകത്തേക്കെത്തുന്നത്. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, ഞാന്‍ ഗന്ധര്‍വന്‍ എന്നിങ്ങനെ പതിനേഴോളം പത്മരാജന്‍ സിനിമകള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. ഭരതന്‍, സത്യന്‍ അന്തിക്കാട്, കമല്‍, ലോഹിതദാസ് എന്നിവരുടെ സിനിമകളും ജോണ്‍സണ്‍ ടച്ചുള്ളവയാണ്.
അനുരാഗിണീ ഇതാ നിന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ എന്ന് മനസിലെങ്കിലും പാടാതെ ആര്‍ക്കെങ്കിലും പ്രണയിക്കാനാകുമോ? ഈണങ്ങളിലൂടെ ഒരായുഷ്‌ക്കാലം നമ്മെ കീഴ്‌പ്പെടുത്തിക്കളഞ്ഞു ജോണ്‍സണ്‍ മാഷ്. പശ്ചാത്തല സംഗീതം മാത്രം കേട്ടാല്‍ പത്മരാജന്‍ സിനിമകള്‍ തിരിച്ചറിയാന്‍ നമുക്ക് സാധിക്കുന്നത് അതുകൊണ്ടാണ്.മലയാളികളുടെ പ്രിയപ്പെട്ട നിരവധി ചലച്ചിത്രങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിപ്പിച്ചതില്‍ ജോണ്‍സണ്‍ മാഷിന്റെ സംഗീതവും ഒരു പ്രധാനപ്പെട്ട ഘടകമാണ്. പിന്‍ഗാമി, ഈ പുഴയും കടന്ന്, തൂവല്‍ കൊട്ടാരം, സല്ലാപം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങി അനേകം ചിത്രങ്ങളില്‍ ജോണ്‍സണ്‍ ഹൃദയസ്പര്‍ശിയായ സംഗീതമൊരുക്കി.
ജോണ്‍സണ്‍ സംഗീതത്തിന്റെ അപാരമായ വശീകരണ സിദ്ധിയില്‍ വീണുപോയ മലയാളിക്ക് ജോണ്‍സന്റെ പെട്ടെന്നുള്ള വിയോഗം ഉള്‍ക്കൊള്ളാനേ സാധിച്ചില്ല. ഇനിയൊന്നു പാടൂ ഹൃദയമേ എന്ന് നമ്മള്‍ ഒരിക്കല്‍ക്കൂടി മനസില്‍ പാടിയിരിക്കും.







