കഞ്ചാവ് കേസിൽ റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി ഉൾപ്പെടെ ഒൻപത് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വേടന്റെ കൊച്ചി കണിയാംപുഴയിലെ ഫ്ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവും ഒൻപത് ലക്ഷം രൂപയും പൊലീസ് കണ്ടെത്തിയിരുന്നു. റാപ്പർ വേടന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു കണിയാമ്പുഴയിലെ വേടൻ താമസിച്ചിരുന്ന ഫ്ലാറ്റ്.കഴിഞ്ഞദിവസം ഫ്ലാറ്റിൽ ബാച്ചിലർ പാർട്ടി നടന്നിരുന്നു. ഇതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നാണ് പൊലീസ് വേടൻറെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. തുടർന്ന് കഞ്ചാവ് പിടിച്ചെടുത്തതോടെ വേടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഞ്ചാവ് ഉപയോഗിച്ചത് പരിപാടിക്കായി തയ്യാറെടുപ്പ് നടത്തുന്നതിന്റെ ഭാഗമായെന്നാണ് വേടന്റെ മൊഴി. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും ചോദ്യം ചെയ്യലിൽ വേടൻ അന്വേഷണ സംഘത്തോട് പറഞ്ഞു. പിടികൂടിയ വേടൻ അടക്കം മൂന്ന് പേർക്ക് മുൻപ് എൻഡിപിഎസ് കേസുകൾ ഉണ്ട്. വെയിറ്റ് മെഷിൻ, കത്തി, അരിവാൾ, പണം, എന്നിവ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തു.









