ഇറാനുമായുള്ള യുദ്ധം വിചാരിക്കുന്നതിലും വേഗത്തില്‍ അവസാനിച്ചേക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചിട്ടില്ലെന്നും ഇസ്രയേലും അമേരിക്കയും ലോകത്തെ സംരക്ഷിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ബെഞ്ചമിന്‍ നെതന്യാഹു, ഒരിടവേളക്ക് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയായി, ‘ഞാന്‍ ജീവനോടെയുണ്ട്’ എന്ന് പറഞ്ഞായിരുന്നു നെതന്യാഹു വാര്‍ത്താസമ്മേളനം ആരംഭിച്ചത്.ഇറാന്‍ ഇപ്പോള്‍ ആരുടെ ഭരണത്തിന് കീഴിലാണെന്ന് തനിക്കറിയില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇറാനിയന്‍ നേതൃത്വത്തിനുള്ളില്‍ വിള്ളലുകള്‍ വീഴുന്നതായി കാണുന്നുണ്ടെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു.
ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു ചൂണ്ടിക്കാട്ടി.ഹോര്‍മുസ് കടലിടുക്ക് ഉപയോഗിച്ച് ലോകത്തെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ഇറാന്റെ തന്ത്രം നടപ്പിലാവില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് പശ്ചിമേഷ്യയേയും ലോകത്തെയാകെയും സംരക്ഷിക്കുകയാണെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു. ഇറാന്‍ ഭരണകൂടത്തെ തകര്‍ത്തതായും ഇറാന്റെ മിസൈല്‍ ശേഷി ഇല്ലാതാക്കിയതായും നെതന്യാഹു പറഞ്ഞു. അതേസമയം ഇറാനിലെ വാതകപ്പാടങ്ങള്‍ ആക്രമിക്കരുതെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം ഇസ്രയേല്‍ അംഗീകരിച്ചു.







