ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമർദമായി മാറി.തമിഴ്നാട് തീരത്ത് നിന്നും ശരാശരി 25 കിലോമീറ്റർ അകലെയാണ് നിലവിൽ ന്യൂനമർദത്തിന്റെ സ്ഥാനം.തീവ്രന്യൂനമർദമായി തമിഴ്നാടിന്റെ വടക്കൻ തീരത്തേയ്ക്ക് സഞ്ചരിയ്ക്കുന്ന ഡിറ്റ് വാ, ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ന്യൂനമർദമായി മാറിയത്. 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം ദുർബലമാകും.
തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ മഴ തുടരുകയാണ്. ചെന്നൈ,ചെങ്കൽപേട്ട്,തിരുവള്ളൂർ,കാഞ്ചീപുരം ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു. ഈ ജില്ലകളിലെ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
അതേസമയം, ഇന്നലെ രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയിൽ ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇന്ന് രാവിലെയോടെ ഭൂരിഭാഗം ഇടങ്ങളിലെയും വെള്ളം കോർപറേഷൻ ജീവനക്കാർ പമ്പ് ചെയ്ത് ഒഴിവാക്കി. ന്യൂനമർദത്തിന്റെ പ്രഭാവത്താൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡിറ്റ് വാ നാശം വിതച്ച ശ്രീലങ്കയിൽ മരണം 390 ആയി. 252 പേരെ കാണാതായി. രാജ്യത്ത് രക്ഷാപ്രവർത്തനം പുരോഗമിയ്ക്കുകയാണ്.









