![](https://sakhionline.in/wp-content/uploads/2025/01/WhatsApp-Image-2025-01-22-at-12.00.38-PM.jpeg)
ഓൾഡ് ബോയ് എന്ന കൊറിയൻ സസ്പെൻസ് ത്രില്ലർ ചിത്രത്തിന് കേരളത്തിലും ആരാധകർ ഏറെയാണ്. അതിശയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളും മനുഷ്യ ധാർമികതയെ വെല്ലുവിളിക്കുന്ന പ്രമേയവും ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും ഉൾപ്പെടുത്തി പാർക്ക് ചാൻ വുക്ക് സംവിധാനം ചെയ്ത് ചിത്രം ഹോളിവുഡിലേക്ക് വരെ റീമേക്ക് ചെയ്തിരുന്നു.
ഇപ്പോൾ പാർക്ക് ചാൻ വുക്കിന്റെ പുതിയ ചിത്രം ‘നോ അദർ ചോയ്‌സ്’ന്റെ ചിത്രീകരണം പൂർത്തിയായ വിവരം സിനിമ ലോകം ആവേശത്തോടെയാണ് കേട്ടത്. കാരണം ഡൊണാൾഡ് വെസ്റ്റ് ലേക്കിന്റെ ‘ദി ആക്സ്’ എന്ന ബെസ്റ്റ് സെല്ലർ നോവലിന്റെ അഡാപ്റ്റേഷനാണ് നോ അദർ ചോയ്‌സ്. നോവൽ ഹോളിവുഡിൽ ഒരിക്കൽ സിനിമയാക്കിയിട്ടുണ്ടെങ്കിലും ഈ കഥയിൽ പാർക്ക് ചാൻ വുക്ക് ചെയ്യാൻ പോകുന്ന മാജിക്ക് കാണാൻ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.
തൊഴിൽ രഹിതനും വിഷാദ രോഗിയുമായി ഒരു കുടുംബ നാഥൻ, താൻ അപേക്ഷിച്ച ജോലി ലഭിക്കാനായി തന്റെ ഒപ്പം മത്സരിക്കുന്ന ആളുകളെ കൊല ചെയ്യുന്നു, തൊഴിലവസരത്തിനായി, അപേക്ഷിച്ചവരിൽ ജോലി ലഭിക്കാൻ യോഗ്യതയുള്ള ഏക വ്യക്തിയാകാനുള്ള അയാളുടെ ശ്രമമാണ് നോവലിന്റെ ഇതിവൃത്തം.
2024 ൽ ചിത്രീകരണമാരംഭിച്ച നോ അദർ ചോയ്‌സിൽ യു യിയോൺ സിയോക്ക്,ലീ ബ്യുങ് ഹുൻ,സൊൻ യെ ജിൻ,ലീ സങ് മിൻ തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രിസിപ്പിൽ ഫോട്ടോഗ്രാഫി ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഹാൻഡ് മെയിഡൻ,തെസ്റ്റ്,ലേഡി വെഞ്ചൻസ് തുടങ്ങിയവയാണ് പാർക്ക് ചാൻ വുക്കിന്റെ മറ്റ് പ്രശസ്തമായ ചിത്രങ്ങൾ.