
സർറിയലിസ്റ്റ് സിനിമകൾകൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച ഹോളിവുഡ് സംവിധായകൻ ഡേവിഡ് ലിഞ്ച് അന്തരിച്ചു. 78 വയസായിരുന്നു. ശ്വാസകോശ രോഗമായ എംഫിസീമയെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ ആയിരുന്നു. കുടുംബാംഗങ്ങളാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
ട്വിൻ പീക്സ്, മൾഹൊളണ്ട് ഡ്രൈവ്, ഇറേസർ ഹെഡ്, ബ്ലൂ വെൽവെറ്റ്, ദി എലിഫന്റ് മാൻ തുടങ്ങിയ ചിത്രങ്ങൾ ഡേവിഡ് ലിഞ്ചിന്റെ കൾട്ട് ക്ലാസിക്കുകളായാണ് അറിയപ്പെടുന്നത്. യാഥാർഥ്യത്തെയും ഭാവനയെയും വേർതിരിച്ചെടുക്കാൻ കഴിയാത്ത വിധം കോർത്തെടുക്കുന്ന ആഖ്യാന ശൈലിയാണ് ഡേവിഡ് ലിഞ്ചിനെ വ്യത്യസ്തനാക്കിയത്. സ്വത്വം തിരയുന്നവർ, അപര വ്യക്തിത്വം, ആൾട്ടർ ഈഗോ തുടങ്ങി മനുഷ്യ മനസിന്റെ സങ്കീർണമായ പല തലങ്ങളും ലിഞ്ചിന്റെ കഥാപാത്രങ്ങളിൽ കാണാൻ കഴിയും.
പുതുതലമുറ ഏറ്റവും കൂടുതൽ ചർച്ച ചെയ്തിട്ടുള്ള ലിഞ്ച് ചിത്രമാകും മൾഹൊളണ്ട് ഡ്രൈവ്. ഭൂതവും വർത്തമാനവും ഇടകലർത്തിയുള്ള നോൺ ലീനിയർ കഥ പറച്ചിൽ ശൈലി ലിഞ്ചിന്റെ ചിത്രങ്ങളെ സാധാരണ പ്രേക്ഷകന് ഗ്രഹിക്കാൻ പ്രയാസമുള്ളതാക്കി എന്നൊരു വാദമുണ്ട്. എന്നാൽ പ്രേക്ഷകന്റെ ബുദ്ധിവൈഭവത്തെ ബഹുമാനിക്കാതിരിക്കുകയോ, ചോദ്യം ചെയ്യുകയോ ചെയ്യാതെ അവരുടെ അനന്തമായ ഭാവനക്ക് വഴി തെളിച്ചു കൊടുക്കുക മാത്രമാണ് സംവിധായകന്റെ ജോലി എന്ന് ലിഞ്ച് വിശ്വസിച്ചു.
‘കലയിൽ നിന്ന് പ്രേക്ഷകൻ എന്തിന് അർത്ഥവും ഗുണപാഠവും യുക്തിയും പ്രതീക്ഷിക്കുന്നു എന്നെനിക്ക് മനസിലാകുന്നില്ല, ഒരു അർത്ഥവും ഇല്ലാത്ത ജീവിതത്തെ അവർ യാതൊരു മടിയുമില്ലാതെ സ്വാഗതം ചെയ്യുന്നില്ലേ?’ ഡേവിഡ് ലിഞ്ച് പറയുന്നു.
മികച്ച സംവിധായകനുള്ള ഓസ്കർ നാമനിർദേശം മൂന്നുവട്ടം ലഭിച്ചിട്ടുള്ള ലിഞ്ചിനെ 2019ൽ ഓണററി ഓസ്കർ പുരസ്കാരം നൽകി ആദരിച്ചു. വൈൽഡ് അറ്റ് ഹാർട് എന്ന ചിത്രത്തിലൂടെ 1990ൽ പാംദിയോർ നേടി. ഡേവിഡ് ലിഞ്ചിന്റെ വിയോഗത്തിലൂടെ സിനിമാ ലോകത്തിന് നഷ്ടമാകുന്നത്, വാണിജ്യ സിനിമകളിലെ കലാപരമായ കാഴ്ചപ്പാടുകളെ മാറ്റിമറിച്ച അതികായനെ ആണ്.