തന്റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകരായി ഗൗതം ഗംഭീര്‍ നിര്‍ദേശിച്ച അഞ്ച് പേരുകളും ബിസിസിഐ തള്ളിയെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തിലേക്ക് അഭിഷേക് നായരും റ്യാന്‍ ടെന്‍ ഡോഷേറ്റും. ഗൗതം ഗംഭീറിന്റെ സഹായികളായിട്ടാണ് ഇരുവരുമെത്തുന്നത്. നേരത്തെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഗംഭീറിനൊപ്പം ഇരുവരുമുണ്ടായിരുന്നു. മുമ്പ് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാാണ് അഭിഷേക്. റ്യാന്‍ നെതര്‍ലന്‍ഡ്‌സ് താരമായിരുന്നു. ഇരുവരുടേയും കാര്യം ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വൈകാതെ നിയമനം വരും. അസിറ്റന്റ് കോച്ചുമാരായിട്ടാണ് ഇരുവരേയും പരിഗണിക്കുന്നത്. ടി ദിലീപ് ഫീല്‍ഡിംഗ് കോച്ചായി തുടരും. ബൗളിംഗ് കോച്ചായി മോര്‍ണെ മോര്‍ക്കലും എത്തിയേക്കുമെന്നുള്ള സൂചനയും ലഭിക്കുന്നുണ്ട്. മോര്‍ക്കല്‍ ഗംഭീറിനൊപ്പം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ ഒന്നിച്ചുണ്ടായിരുന്നു.
നേരത്തെ, തന്റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകരായി ഗൗതം ഗംഭീര്‍ നിര്‍ദേശിച്ച അഞ്ച് പേരുകളും ബിസിസിഐ തള്ളിയെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നേരത്തെ ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ നിര്‍ദേശിച്ച വിനയ് കുമാര്‍, ലക്ഷ്മിപതി ബാലാജി എന്നിവരുടെ പേരുകളും ഫീല്‍ഡിംഗ് പരിശീലക സ്ഥാനത്തേക്ക് നിര്‍ദേശിട്ട ജോണ്ടി റോഡ്‌സിന്റെ പേരും ബിസിസിഐ തള്ളുകയായിരുന്നു. പരിശീലകനെന്ന നിലയില്‍ സ്വന്തം ഇഷ്ടപ്രകാരം ഗംഭീറിന് കാര്യങ്ങള്‍ തീരുമാനിക്കാനാവില്ലെന്ന വ്യക്തമായ സന്ദേശമണ് ബോര്‍ഡ് ഇതിലൂടെ ഗംഭീറിന് നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുണ്ടായിരുന്നു.
ഗ്രെഗ് ചാപ്പലിന്റെ കാലം മുതല്‍ സഹപരിശീലകരെ നിയമിക്കാന്‍ മുഖ്യ പരിശീലകന് ബിസിസിഐ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ഗാരി കിര്‍സ്റ്റനും അനില്‍ കുംബ്ലെയും രവി ശാസ്ത്രിയും രാഹുല്‍ ദ്രാവിഡുമെല്ലാം ഈ സ്വാതന്ത്ര്യം അനുഭവിച്ചവരാണ്. ബൗളിംഗ് പരിശീലകാനായി ഭരത് അരുണിനെ, രവി ശാസ്ത്രി തെരഞ്ഞെടുത്തത് പോലും ബിസിസിഐയുടെ അനുവാദത്തിന് കാത്തു നില്‍ക്കാതെയായിരുന്നു.
ദ്രാവിഡ് ആകട്ടെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സഹ പരിശീലകരായ പരസ് മാംബ്രെയയെും ടി ദീലീപിനെയും തന്റെ ബൗളിംഗ് ഫീല്‍ഡിംഗ് പരിശീലകരായി തെരഞ്ഞെടുത്തപ്പോഴും ബിസിസിഐ എതിര്‍ത്തിരുന്നില്ല. എന്നാലിപ്പോള്‍ ഗംഭീറിന്റെ കാര്യത്തില്‍ സഹപരിശീലകനായി അഭിഷേക് നായരെ വേണമെന്ന ആവശ്യം മാത്രമാണ് ബിസിസിഐ തത്വത്തില്‍ അംഗീകരിച്ചിട്ടുള്ളത്.