![](https://sakhionline.in/wp-content/uploads/2025/01/Vaishali.jpg)
ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെൻറിനിടെ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്കു ഹസ്തദാനം നൽകാൻ വിസമ്മതിച്ച് ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബോയെവ്. നെതർലൻഡ്‌സിലെ വിക് ആൻ സീയിൽ നടക്കുന്ന ടൂർണമെന്റിനിടെയാണ് സംഭവം. വൈശാലി ഹസ്തദാനത്തിനായി കൈനീട്ടിയെങ്കിലും കൈ കൊടുക്കാൻ ഉസ്ബെക്ക് താരം വിസമ്മതിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി നോദിർബെക് യാക്കുബോയെവ് രംഗത്തെത്തി.
താൻ അനാദരവൊന്നും ഉദ്ദേശിച്ചില്ലെന്നും മതപരമായ കാരണങ്ങളാലാണ് ഹസ്തദാനം ചെയ്യതിരുന്നതെന്ന് ഉസ്ബെക്ക് താരം വിശദീകരിച്ചു. തന്റെ പ്രവൃത്തി വൈശാലിക്ക് അപമാനകരമായെങ്കിൽ ക്ഷമ ചോദിക്കുന്നതായും യുകുബ്ബോവ് എക്സിൽ കുറിച്ചു. നാലാം റൗണ്ട് മത്സരം ആരംഭിക്കുന്നതിന് മുന്നോടിയാണ് സംഭവം നടന്നത്. ചെസ് ബോർഡിനടുത്തേക്ക് എത്തിയ യാക്കുബോയെവിന് നേരെ വൈശാലി കൈ നീട്ടുകയായിരുന്നു,. എന്നാൽ ഇത് ശ്രദ്ധിക്കാത്ത പോലെ നിൽക്കുകയായിരുന്നു താരം.
വൈശാലിയുമായുള്ള മത്സരത്തിൽ സംഭവിച്ച സാഹചര്യം വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ മതപരമായ കാരണങ്ങളാൽ മറ്റ് സ്ത്രീകളെ തൊടാറില്ലെന്ന് സ്ത്രീകളോടും ഇന്ത്യൻ ചെസ്സ് താരങ്ങളോടും എല്ലാ ബഹുമാനത്തോടെയും ഇക്കാര്യം എല്ലാവരേയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” യാക്കുബോയെവ് എക്സിൽ കുറിച്ചു.
റൊമാനിയയുടെ ഐറിന ബുൾമാഗയ്‌ക്കെതിരായ മത്സരത്തിൽ ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ തൻ്റെ മതവിശ്വാസത്തെക്കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് യാകുബ്ബോവ് പറഞ്ഞു. അതേസമയം മത്സരത്തിൽ യാക്കുബോയെവ് പരാജയപ്പെട്ടിരുന്നു. മത്സര ശേഷം വൈശാലി വീണ്ടും ഹസാതദാനത്തിന് ശ്രമിച്ചില്ല. ചെസ് താരമായ ആർ.പ്രജ്ഞാനന്ദയുടെ സഹോദരിയാണ് വൈശാലി.