![](https://sakhionline.in/wp-content/uploads/2025/01/ICC-Prees-meet.jpg)
ഫെബ്രുവരി 19 മുതല്‍ പാകിസ്ഥാനിലും ദുബായിലുമായി നടക്കുന്ന ഐസിസി ചാമ്പന്യന്‍സ് ട്രോഫി മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന ചൊവ്വാഴ്ച്ച മുതല്‍ ആരംഭിക്കും. പാകിസ്താനില്‍ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ ഐസിസി വില്‍പ്പനക്ക് തയ്യാറാക്കിയിരിക്കുന്നത്. അതിനിടെ പാകിസ്താനിലെ സ്റ്റേഡിയങ്ങളുടെ നവീകരണ പ്രവൃത്തി ഐസിസി അനുവദിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് അവിടെ നടക്കുന്നത്. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങള്‍ നവീകരിച്ച് ഐസിസിക്ക് കൈമാറുന്നതിനുള്ള സമയപരിധി ഈ മാസം 30 ആണ്. പാകിസ്താനില്‍ കളിക്കാനില്ലെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അവരുടെ മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റിയിരുന്നു. ഈ മത്സരങ്ങള്‍ വീക്ഷിക്കുന്നതിനുള്ള ടിക്കറ്റ് വില്‍പ്പനയുടെ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ലഭ്യമാക്കുമെന്നും ഐസിസി അധികൃതര്‍ അറിയിച്ചു. അതേ സമയം റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം, ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം, കറാച്ചി നാഷണല്‍ ബാങ്ക് സ്റ്റേഡിയം എന്നിവിടങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ വൈകുന്നതിനാല്‍ ഉദ്ഘാടന പരിപാടികള്‍ അടക്കം രാജ്യത്തിന് പുറത്തേക്ക് മാറ്റുമെന്ന ഊഹാപോഹങ്ങള്‍ പുറത്തുവന്നെങ്കിലും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം തള്ളിക്കളഞ്ഞിരുന്നു.