നാഗാലാൻഡിൽ വ്യാജ മദ്യം കുടിച്ച് 19 പേർ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാഗാലാൻഡിലെ മൊകോക്ചുങ്, ടുൻസാങ് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മൊകോക്ചുങ് എട്ട് മരണവും ടുൻസാങ് ജില്ലയിൽ 11 പേരുമാണ് വ്യാജ മദ്യം കുടിച്ച് മരണപ്പെട്ടത്.
സംഭവം അന്വേഷിക്കുന്നതിനും, മായം ചേർത്തതെന്ന് സംശയിക്കുന്ന മദ്യത്തിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനുമായി അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ഐ. ബങ്ലാങ് ചാങ് നയിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചതായി സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് വെസുപ്ര കെസോ അറിയിച്ചു.
മരണങ്ങളെത്തുടർന്ന് പൊലീസ് നടത്തിയ വ്യാപകമായ പരിശോധനകളിൽ 19 പേരെ അറസ്റ്റ് ചെയ്യുകയും ഏകദേശം 3,000 കുപ്പി മദ്യം പിടിച്ചെടുക്കുകയും ചെയ്തു. 1990 മുതൽ നാഗാലാൻഡിൽ മദ്യനിരോധനം നിലവിലുണ്ട്.
തിരിച്ചറിയാനാവാത്തതോ ലേബലില്ലാത്തതോ ആയതോ അനധികൃതമെന്ന് സംശയിക്കുന്നതോ ആയ മദ്യം കഴിക്കരുതെന്ന് പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മദ്യം കഴിച്ചതിനുശേഷം തലകറക്കം, കാഴ്ച മങ്ങൽ, ശ്വാസതടസ്സം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നുമാണ് നിർദേശം.






