ഉഷ്ണതരംഗത്തിന്റെ പിടിയില്‍ നിന്നും ഒഴിഞ്ഞ് കനത്ത മഴയിലൂടെയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം കടന്ന് പോകുന്നത്. അതിശക്തമായ മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശുന്നത് കാര്യങ്ങള്‍ വീണ്ടും ദുരിതത്തിലാക്കുന്നു. ഇതിനിടെയാണ് ബീഹാറില്‍ നിന്നും ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. വീടിന്‍റെ ടറസിന് മുകളില്‍ നിന്നും മഴയത്ത് ഒരു പാട്ടിനൊപ്പിച്ച് റീല്‍സ് ചെയ്യാന്‍ തയ്യാറെടുക്കുന്ന ഒരു പെണ്‍കുട്ടി
വീഡിയോ പങ്കുവച്ച് കൊണ്ട് എക്സ് ഉപയോക്താവ് നിതീഷ് എഴുതി,’ റീലുകൾ നിർത്തരുത്. സീതാമർഹി, ബീഹാർ.’ വീഡിയോ നിരവധി പേരുടെ ശ്രദ്ധ ആകര്‍ഷിച്ചു. വീടിന്‍റെ ടറസിന് മുകളില്‍, ചെറിയ മഴ ചാറ്റലുള്ള മേഘാവൃതമായ ആകാശത്തിന് താഴെ പെണ്‍കുട്ടി ഒരു പാട്ടിനൊപ്പിച്ച് നൃത്തം ചെയ്യാന്‍ തയ്യാറെടുക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. പെട്ടെന്ന് ആകാശത്ത് നിന്നും ഒരു മിന്നല്‍ പെണ്‍കുട്ടിയുടെ തൊട്ടടുത്ത് വന്ന് വീഴുന്നു. ഭയന്ന് പോയ പെണ്‍കുട്ടി തിരിഞ്ഞ് ഓടാന്‍ ശ്രമിക്കുന്ന നിമിഷ നേരം കൊണ്ട് അതിശക്തമായ മിന്നല്‍ മൂന്ന് തവണ ഒരേ സ്ഥലത്ത് പതിക്കുന്നത് വീഡിയോയില്‍ കാണാം. പരിഹാറിലെ സിർസിയ ബസാറിലെ അയൽവാസിയുടെ വീടിന്‍റെ മേൽക്കൂരയിൽ കനത്ത മഴ ആസ്വദിക്കുകയായിരുന്നു സാനിയ കുമാരിയാണ്, ആ പെണ്‍കുട്ടിയെന്ന് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യത്തെ ഇടിമിന്നലില്‍ തന്നെ ഭയന്ന് പിന്തിരിയാന്‍ പെണ്‍കുട്ടി തയ്യാറായത് വലിയ അപകടം ഒഴിവാക്കി.
ഭാഗ്യം കൊണ്ടാണ് പെണ്‍കുട്ടി ഒരു ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നായിരുന്നു വീഡിയോ കണ്ട ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. ‘അതൊരു വൈറൽ റീലാണ്’ എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. ‘എഡിറ്റിംഗ് ആവശ്യമില്ലാത്ത റീല്‍’ എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. ‘പ്രകൃതിദത്ത വെളിച്ചം, സ്റ്റുഡിയോ ലൈറ്റിന്‍റെ ആവശ്യമില്ല.’ മറ്റൊരു കാഴ്ചക്കാരനെഴുതി. സമൂഹ മാധ്യമങ്ങളില്‍ ആളുകള്‍ റീല്‍സിനെ അഭിനന്ദിച്ചപ്പോള്‍ ബീഹാറിലെ യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഭഗൽപൂരിലും മുൻഗറിലും രണ്ട് വ്യക്തികൾ വീതവും ജാമുയി, ഈസ്റ്റ് ചമ്പാരൻ, വെസ്റ്റ് ചമ്പാരൻ, അരാരിയ ജില്ലകളിൽ ഓരോരുത്തർ വീതവും ഇടിമിന്നലേറ്റ് മരിച്ചു. മെത്തം എട്ട് പേരുടെ ജീവനാണ് മിന്നലേറ്റ് കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് നഷ്ടപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.