ഡൽഹി: CJP നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്. സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവർക്കാണ് ഓഫീസിലേക്ക് വിളിച്ചുകൊണ്ട് നോട്ടീസ് നൽകിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സഹകരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജന്തർ മന്ദറിലേക്ക് പ്രതിഷേധിക്കാൻ എത്തുന്നതിനിടെ സര്ക്കാർ ഉത്തരവ് ലംഘിച്ചതിനാണ് ഉത്തരവ്. സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ അതിക്രമിച്ച് കയറിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഇന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം നൽകിയത്.
ഇന്നലെ ജന്തർ മന്തറിൽ പ്രതിഷേധിക്കില്ല എന്ന് ഉറപ്പ് നൽകി മാപ്പ് പറഞ്ഞാണ് സിജെപി നേതാക്കളായ അശുതോഷും സൗരവും പുറത്തിറങ്ങിയത്. 7 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇന്നലെയാണ് അശുതോഷ് റാങ്കയും സൗരവ് ദാസും തിഹാർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. സിജെപി നേതാക്കളുടെ നടപടിയിലും വ്യവസ്ഥകൾ ലംഘിച്ചതിലും സ്പെഷൽ മജിസ്ട്രേറ്റ് കോടതിയിലും, ഡൽഹി ഹൈക്കോടതിയിലും കനത്ത തിരിച്ചടിയാണ് സിജെപിക്കേറ്റത്.
കൂടാതെ ജന്തർ മന്തറിൽ പ്രതിഷേധിക്കില്ലെന്നും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ലെന്നും ഇരുവരും കോടതിയിൽ ഉറപ്പ് നൽകി മാപ്പ് പറഞ്ഞാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സിജെപിയുടെ തുടർ നീക്കങ്ങൾ നിർണയാകമാണ്. ജന്തർ മന്തറല്ലാതെ മറ്റൊരു വേദി കണ്ടെത്തി സിജെപി പ്രതിഷേധം തുടരുമോ എന്നതാണ് ആകാംഷ. എന്തായാലും തുടർ സമരങ്ങൾ സംബന്ധിച്ച് കൂടിയാലോചനകൾ തുടരുകയാണെന്നാണ് സിജെപി നേതാക്കൾ പറയുന്നത്.








