ഉത്തർപ്രദേശിൽ അടുത്തിടെ ഭർത്താവ് തന്‍റെ സ്വന്തം ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയ സംഭവം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഇതിൽ വന്‍ ട്വിസ്റ്റ്. വിവാഹത്തിന്‍റെ നാലാം നാൾ രാധികയെ തിരികെ വേണമെന്ന് അഭ്യർഥിച്ച് ബബ്ലു രാത്രി വികാസിന്‍റെ വീട്ടിലേത്തി.
ഏഴും രണ്ടും വയസുള്ള രണ്ട് കുട്ടികളെ ഒറ്റയ്ക്ക് പരിപാലിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് ബബ്ലു അറിയിക്കുകയും ഏറെ നേരം രാധികയോട് സംസാരിച്ച ശേഷം വികാസും കുടുംബവും രാധികയെ ബബ്ലുവിനൊപ്പം മടങ്ങാൻ അനുവദിക്കുകയുമായിരുന്നു. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
വികാസിനൊപ്പം ഭാര്യയെ നിർബന്ധിച്ചാണ് വിവാഹം ചെയ്ത് അയച്ചതെന്നും ഭാര്യയുടെ ഭാഗത്ത് തെറ്റില്ലെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞതായാണ് വിവരം. രാധികയ്ക്കൊപ്പം സമാധാന പൂർണമായ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും അവളുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നും ബബ്ലു വിശദമാക്കി.
തുടർന്ന് മക്കളേയും രാധികയേയും കൂട്ടി ബബ്ലു മറ്റൊരു സ്ഥലത്തേക്ക് താമസം മാറുകയുമായിരുന്നു. അതേസമയം വികാസ് മറ്റൊരിടത്തേക്ക് ജോലി തേടി വീട് വിട്ടിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉത്തർ പ്രദേശിലെ ഖൊരക്പൂരിൽ മാർച്ച് 25നാണ് ബബ്ലു എന്ന യുവാവ് ഭാര്യ രാധികയെ അവരുടെ കാമുകനെന്ന് ആരോപിക്കപ്പെട്ട വികാസ് എന്ന യുവാവിന് വിവാഹം ചെയ്ത് നൽകിയത്. കൊലപ്പെടുത്തുമോയെന്ന ഭയത്താലാണ് ഇങ്ങനെ ചെയ്യുന്നതെന്നും തന്‍റെ മക്കളെ ഇനിയുള്ള കാലം തനിയെ നോക്കുമെന്നും ഇയാൾ അന്ന് വ്യക്തമാക്കിയിരുന്നു.









