
രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ നീക്കം. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് 10 എംഎൽഎമാർ ഗവർണർ അജയ് കുമാർ ഭല്ലയെ കണ്ടു. കുക്കി – മെയ്തെയ് സംഘർഷത്തെ തുടർന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചതോടെയാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. മൂന്നു മാസമായി തുടരുന്ന രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളാണ് മണിപ്പൂരിൽ നടക്കുന്നത്.
8 ബിജെപി എംഎൽഎമാർ ഒരു സ്വതന്ത്ര എംഎൽഎ ഒരു എൻപിപി എംഎൽഎ എന്നിവർ അടങ്ങുന്ന സംഘമാണ് ഗവർണറെ കണ്ടത്. രാജ്ഭവനിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. 22 എംഎൽഎമാർ ഒപ്പുവെച്ച കത്ത് ഗവർണർക്ക് കൈമാറി. ജനങ്ങളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എംഎൽഎ സപം നിഷികാന്ത് സിംഗ് വ്യക്തമാക്കി.
അതേസമയം, 60 അംഗ നിയമസഭയിൽ ബിജെപിക്ക് 37 എംഎൽഎമാരാണ് ഉള്ളത്. 5 എംഎൽഎമാരുള്ള നാഗ പീപ്പിൾ ഫ്രണ്ടും ആറ് എംഎൽഎമാരുള്ള നാഷണൽ പീപ്പിൾസ് പാർട്ടിയും നേരത്തെ തന്നെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.