എസ് കെ എൻ 40യുടെ ഭാഗമായി കേരളത്തിലെ 40 സർക്കാർ സ്കൂളുകളിൽ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ കമ്പ്യൂട്ടർ വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടന്നു. തൃക്കാക്കര ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ചടങ്ങുകൾ നടന്നത്. 24 ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
കേരളത്തിലെ 14 ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 40 സ്കൂളുകളിലാണ് പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടറുകൾ നൽകുക. ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തെ ആകെ ചേർത്തുനിർത്തുന്നതിന്റെ ഭാഗമായാണ് സർക്കാർ സ്കൂളുകളിൽ കമ്പ്യൂട്ടറുകൾ വിതരണം ചെയ്യുന്നതെന്ന് ആർ. ശ്രീകണ്ഠൻ നായർ പറഞ്ഞു. എസ് കെ എൻ 40യുടെ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സർക്കാർ സ്കൂളുകളിൽ കമ്പ്യൂട്ടറുകൾ നൽകുമെന്ന് 24ഉം, ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേർന്ന് പ്രഖ്യാപിച്ചിരുന്നു.
ചടങ്ങിൽ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ ജോർജ് സ്ലീബാ, ജോയിന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ബി. ജയരാജ്, സോഷ്യൽ ഇനിഷ്യേറ്റീവ് ഡയറക്ടർ എസ്.എം. വിനോദ്, സ്കൂൾ പ്രിൻസിപ്പൽ ജിജോ ജോൺ, ഹെഡ്മാസ്റ്റർ മനോജ് എസ്., 24 ഹെഡ് ഓഫ് ന്യൂസ് ഉണ്ണികൃഷ്ണൻ, എഡിറ്റർ ഇൻ ചാർജ് പി.പി. ജയിംസ്, സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ ഗോപികൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.









