വയനാട്ടിലെ ദുരന്ത മേഖലയിലായിരുന്നിട്ടും ഓണ്‍ലൈനായി പോലും യോഗത്തില്‍ പങ്കെടുത്തില്ലെന്നും പങ്കെടുക്കാൻ കഴിയാത്തതിന്‍റെ കാരണം അറിയിച്ചില്ലെന്നും വ്യക്തമാക്കിയാണ് ഡിജിപിയുടെ താക്കീത്.
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലെ ഭിന്നത മറനീക്കി പുറത്ത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിനെ ഡിജിപി ഷെയ്ക്ക് ദര്‍വേശ് സാഹിബ് താക്കീത് ചെയ്തു. പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റ് ബോർഡ് യോഗത്തിൽ പങ്കെടുക്കാത്തതിനാണ് താക്കീത് ചെയ്തത്. പൊലീസുകാരുടെ സര്‍വീസ് പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന കമ്മിറ്റിയാണ് പൊലീസ് എസ്റ്റാബ്ലിഷ് മെന്‍റ് ബോര്‍ഡ്.
ഈ യോഗത്തില്‍ പങ്കെടുക്കാത്തത്തിനാണ് എംആര്‍ അജിത് കുമാറിനെ താക്കീത് ചെയ്തത്. ഡിജിപി യോഗത്തെക്കുറിച്ച് അറിയിച്ചിട്ടും അജിത് കുമാര്‍ പങ്കെടുത്തില്ല. വയനാട്ടിലെ ദുരന്ത മേഖലയിലായിരുന്നിട്ടും ഓണ്‍ലൈനായി പോലും യോഗത്തില്‍ പങ്കെടുത്തില്ലെന്നും പങ്കെടുക്കാൻ കഴിയാത്തതിന്‍റെ കാരണം അറിയിച്ചില്ലെന്നും വ്യക്തമാക്കിയാണ് ഡിജിപിയുടെ താക്കീത്. മാസങ്ങളായി പൊലീസ് തലപ്പത്ത് തുടരുന്ന കലഹത്തിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ താക്കീത്. അതേസമയം, വയനാട്ടിലെ തിരക്കുകളായതിനാൽ യോഗത്തില്‍ പങ്കെടുക്കാൻ കഴിയില്ലെന്ന കാര്യം ഓഫീസിൽ നിന്നും അറിയിച്ചിരുന്നുവെന്നാണ് എഡിജിപിയുടെ വിശദീകരണം.