മുഹമ്മദ് നബിയുടെ 1499 ആം ജന്മദിനമാണ് ലോകമാകെയുള്ള ഇസ്ലാം മത വിശ്വാസികൾ ആഘോഷിക്കുന്നത്
തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുകയാണ് ഇസ്ലാം മത വിശ്വാസികൾ. പല ഇടങ്ങളിലും മദ്രസ വിദ്യാർഥികളുടെയും പ്രാദേശിക കമ്മിറ്റികളുടെയും നേതൃത്വത്തിൽ നബിദിന റാലികളും ഘോഷയാത്രകളും നടന്നു. മുഹമ്മദ് നബിയുടെ 1499 ആം ജന്മദിനമാണ് ലോകമാകെയുള്ള ഇസ്ലാം മത വിശ്വാസികൾ ആഘോഷിക്കുന്നത്. മദ്രസകൾ കേന്ദ്രീകരിച്ച് കലാപരിപാടികളും ഭക്ഷണ വിതരണവും നടന്നു.
വർണക്കൊടികളും ദഫ് മുട്ടടക്കമുള്ള വിവിധ പരിപാടികളോടെയാണ് നബിദിന പുലരിയിൽ നാടെങ്ങും വർണാഭമായ ഘോഷയാത്ര നടന്നത്. പ്രവാചക പ്രകീർത്തനങ്ങൾ ചൊല്ലി മുന്നോട്ട് നീങ്ങിയ നബിദിന റാലികളിൽ മധുരം വിതരണം ചെയ്തും സന്തോഷം കൈമാറിയും ഏവരും അണിനിരന്നു. കേരളത്തിൽ ഓണാവധിക്കിടെ എത്തിയ നബി ദിനത്തിന് ഇക്കുറി ആഘോഷപ്പകിട്ട് ഏറിയെന്ന് പറയാം.
പാലക്കാട് ജില്ലയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നബിദിനം ആഘോഷിച്ചു. പട്ടാമ്പി, മണ്ണാർക്കാട്, ഒറ്റപ്പാലം, തൃത്താല എന്നിവിടങ്ങളിൽ വിവിധ മദ്രസകളുടെയും മഹല്ലുകളുടെയും നേതൃത്വത്തിൽ റാലി നടത്തി. മണ്ണാർക്കാട് ചങ്ങലീരിയിൽ നബിദിന റാലിയിൽ പങ്കെടുത്തവർക്ക് ക്ഷേത്രകമ്മിറ്റി പായസം വിതരണം ചെയ്തു. വേണ്ടംകുർശ്ശി ശിവക്ഷേത്ര വേല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മധുര വിതരണം. കാസർകോടും വിപുലമായ പരിപാടികളോടെ നബിദിനാഘോഷം നടന്നു. കുട്ടികളും മുതിർന്നവരും റാലികളിൽ പങ്കെടുത്തു.