തൃശൂര്‍ നഗരം തൊടാതെയുള്ള മണ്ണുത്തി-കുന്നംകുളം എലവേറ്റഡ് പദ്ധതി മനസിലുണ്ടെന്നും ഒരാളെയും ദ്രോഹിക്കാതെ പദ്ധതി നടപ്പാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിന്‍റെ വികസനത്തിൽ ഫസ്റ്റ് ആന്‍ഡ് ലാസ്റ്റ് പ്രയോറിറ്റി ഇല്ലെന്നും ജനങ്ങൾക്ക് ആവശ്യമുള്ളതിനാണ് മുൻഗണനയെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. തൃശൂര്‍-കുറ്റിപ്പുറം പാത വൈകുന്നതിന്‍റെ കാരണം കോണ്‍ട്രാക്ടര്‍മാരോടാണ് ചോദിക്കേണ്ടതെന്നും തന്നെ ഏല്‍പ്പിച്ച ജോലി തന്‍റെ അച്ഛനും അമ്മയ്ക്കും വരെ തൃപ്തികരമായ രീതിയില്‍ നിര്‍വഹിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
നിംസ് സ്ഥാപിക്കുന്നതിന് മനുഷ്യ നിര്‍മിത തടസങ്ങളാണുള്ളത്. അത് നീക്കി വരുകയാണ്. തൃശൂരിലേക്ക് മെട്രോ നീട്ടുന്നത് അനിവാര്യമല്ല എന്ന് തന്നെ ധരിപ്പിച്ചാല്‍ അതില്‍ നിന്നും പിന്‍മാറാം. തൃശൂര്‍ നഗരം തൊടാതെയുള്ള മണ്ണുത്തി-കുന്നംകുളം എലവേറ്റഡ് പദ്ധതി മനസിലുണ്ട്. ഒരാളെയും ദ്രോഹിക്കാതെ പദ്ധതി നടപ്പാക്കും. ഇതോടൊപ്പം സ്പിരിച്വല്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയും മനസിലുണ്ട്. നാഗപട്ടണം-വേളാങ്കണ്ണി-ദിണ്ടിഗല്‍ ക്ഷേത്രം-ഭരണങ്ങാനം-മംഗളാദേവി-മലയാറ്റൂര്‍-കാലടി-കൊടുങ്ങല്ലൂര്‍-തൃശൂര്‍ ലൂര്‍ദ്‍ പള്ളി തുടങ്ങിയവെ ബന്ധിപ്പിച്ചുകൊണ്ടുള്ള സ്വിരിച്ച്വല്‍ ടൂറിസം പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ഇതില്‍ ഗുരുവായൂരിനെ വെറെ തന്നെ കാണേണ്ടതുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
വളപട്ടണത്ത് ഇപി ജയരാജൻ മുന്‍കയ്യെടുത്തുള്ള പ്രകൃതിയുമായി ചേർന്നു നിന്ന ടൂറിസം പദ്ധതിയാണ് താൻ ഉദ്ഘാടനം ചെയ്തത്. എന്നാല്‍, പിന്നീട് അവിടെ വെറും സിമന്‍റ് കെട്ടിടങ്ങള്‍ മാത്രമായി.അന്ന് വളപട്ടണം പദ്ധതിയെ തടഞ്ഞവർ ഇന്ന് അവിടെപ്പോയി കണ്ടൽ വെട്ടിയത് തടയുമോയെന്നും സുരേഷ് ഗോപി ചോദിച്ചു. കേരളത്തില്‍ ഭാരത് അരിയുടെ വിതരണത്തിലെ തടസ്സം പരിശോധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.