2018 ഡിസംബർ മുതല്‍ റിസോർട്ടുകളും ഹോംസ്റ്റേകളും ഉള്‍പ്പെടെ നാല്‍പ്പതോളം കെട്ടിടങ്ങള്‍ക്കാണ് മൂന്ന് വാര്‍ഡുകളിലായി മേപ്പാടി പഞ്ചായത്ത് അനുമതി നല്‍കിയത്.
ചൂരല്‍മലയിലും മുണ്ടക്കൈയിലുമെല്ലാം റിസോർട്ടുകള്‍ ഉള്‍പ്പെടയുള്ള കെട്ടിടങ്ങളുടെ ബാഹുല്യം ഉരുള്‍പൊട്ടലിലെ ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്. 2018 ഡിസംബർ മുതല്‍ റിസോർട്ടുകളും ഹോംസ്റ്റേകളും ഉള്‍പ്പെടെ നാല്‍പ്പതോളം കെട്ടിടങ്ങള്‍ക്കാണ് മൂന്ന് വാര്‍ഡുകളിലായി മേപ്പാടി പഞ്ചായത്ത് അനുമതി നല്‍കിയത്. 2006 വീടുകളാണ് അട്ടമലയിലും മുണ്ടക്കൈയിലും ചൂരമലയിലും ഉണ്ടായിരുന്നത്.
മുന്‍പ് പല തവണ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇതൊന്നും കണക്കിലെടുക്കാതെയാണ് കെട്ടിടങ്ങള്‍ പണിയാൻ അനുമതികള്‍ നല്‍കിയിരുന്നതെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാധാരണ മനുഷ്യർ ജീവിക്കാൻ കുടിയേറിയതിന് പുറമെ വൻതോതില്‍ വിനോദസഞ്ചാരികളെ ആകർഷിക്കാൻ വ്യാപകമായി റിസോര്‍ട്ടുകള്‍ക്കും ഹോംസ്റ്റേകള്‍ക്കും അനുമതി കൊടുത്തു. രണ്ടായിരത്തിലധികം വീടുകളാണ് ഇപ്പോള്‍ ഉരുള്‍പ്പൊട്ടലുണ്ടായ മേഖലയില്‍ ഉണ്ടായിരുന്നത്.
റിസോർട്ടുകളും ഹോസ്റ്റേകളും ഉൾപ്പെടെ നാല്‍പ്പത് കെട്ടിടങ്ങള്‍ക്കാണ് അധികൃതർ 2018 മുതല്‍ 2024 ജൂണ്‍ വരെ സ്പെഷ്യല്‍ റെസിഡന്‍ഷ്യല്‍ അനുമതി നല്‍കിയത്. അട്ടമല, മുണ്ടക്കൈ, ചൂരല്‍മല വാർഡുകളിലെ മാത്രം കണക്കാണിത്. അഡ്വഞ്ജർ ടൂറിസത്തിനും ട്രക്കിങിനുമായി ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഓരോ മാസവും ഈ മലമുകളിലേക്ക് വന്ന് കൊണ്ടിരുന്നത്. വിനോദസഞ്ചാരികളുടെ സുരക്ഷ കാര്യമായി ഉറപ്പാക്കാതെ കനത്ത മഴയിലും ഇവിടങ്ങളില്‍ പ്രവേശനം നിര്‍ബാധം തുടർന്നു. ട്രക്കിങിനും അഡ്വഞ്ജർ ടൂറിസത്തിനും വിലക്കേർപ്പെടുത്തിയിട്ടും റിസോർട്ടുകളിലെല്ലാം ആളുകള്‍ താമസക്കാരായി ഉണ്ടായിരുന്നു. അനധികൃത നിർമാണം വ്യാപകമായി നടക്കുന്നുവെന്ന പരാതിയും ഇതിനിടെ ഉണ്ട്. അനധികൃത നിര്‍മാണത്തിലടക്കം തങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് മുന്നില്‍ ഉണ്ടെന്നാണ് വനം വകുപ്പ് പറയുന്നു.
മുണ്ടക്കൈയിൽ കെട്ടിടങ്ങൾ നിയന്ത്രിക്കണമെന്ന് വയനാട് സൗത്ത് ഡി എഫ് ഒ അജിത്ത് കെ രാമൻ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. റെഡ് കാറ്റഗറിയിലുള്ള മുണ്ടക്കൈ ഉൾപ്പെടുന്ന പ്രദേശത്തെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. സുരക്ഷ ഇല്ലാത്തതിനാൽ കെട്ടിടങ്ങൾ ഈ മേഖലയിൽ നിയന്ത്രിക്കണം. എൻഒസി ഇല്ലാത്ത പ്രവർത്തിക്കുന്ന റിസോർട്ടുകളും മറ്റും അടിയന്തരമായി നിർത്തലാക്കണം. പുഞ്ചിരിമട്ടം ഭാഗത്തെ വനമേഖലയോട് ചേർന്നുള്ള സ്ഥലങ്ങൾ ആവശ്യമെങ്കിൽ വനം വകുപ്പ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 29ന് ചെറിയ മണ്ണിടിച്ചില്‍ ഉണ്ടായ ദിവസം വിനോദ സഞ്ചാരമേഖലകളില്‍ നിയന്ത്രണം ഉണ്ടായിട്ടും നിർദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെട്ടില്ല. കാലാവസ്ഥ മുന്നറിയിപ്പും കൃതമല്ലാതായതോടെ ജനവാസ മേഖലയിലെ ദുരന്തം ഇരട്ടിച്ചു.