അമ്മയെ വിളിച്ചപ്പോൾ അവിടെ എല്ലാവരും ഏട്ടനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞു. അവസാനമായിട്ടാണെങ്കിലും ഏട്ടനെയും കൊണ്ട് നാട്ടിലേക്ക് പോകണമെന്ന് അഭിജിത്ത്.
ഷിരൂർ: ഓർമകളിലേക്കെങ്കിലും ഏട്ടനെ കിട്ടിയതിൽ ആശ്വാസമെന്ന് അർജുന്‍റെ സഹോദരൻ അഭിജിത്ത്. ഒരു തെളിവ് പോലുമില്ലാതെ ഈ സംഭവം അവസാനിക്കുമോ എന്ന പേടി ഉണ്ടായിരുന്നു. അതിനൊരു വിരാമമായി. അവസാനമായിട്ടാണെങ്കിലും ഏട്ടനെയും കൊണ്ട് നാട്ടിലേക്ക് പോകണമെന്നും അഭിജിത്ത് പറഞ്ഞു.
10 ദിവസത്തിനുള്ളിൽ ഏട്ടനെ കിട്ടുമെന്ന ഉറപ്പ് ഡ്രഡ്ജർ ഉടമ തന്നിരുന്നു. എന്തെങ്കിലും തെളിവ് തന്നിട്ടേ പോവുകയുള്ളൂവെന്ന് പറഞ്ഞിരുന്നു. ഇന്നലെ പ്രതീക്ഷിക്കാത്ത നിമിഷത്തിലാണ് ലോറി കിട്ടിയത്. സങ്കടമുണ്ടെങ്കിലും ഭാവിയിലേക്ക് ഓർമയ്ക്കായിട്ടാണെങ്കിലും ഏട്ടനെ കിട്ടിയെന്ന് അഭിജിത്ത് പറഞ്ഞു. ഇന്നലെ അമ്മയെ വിളിച്ചപ്പോൾ അവിടെ എല്ലാവരും ഏട്ടനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞു. ജൂലൈ 16 മുതൽ താനിവിടെയുണ്ടെന്ന് അഭിജിത്ത് പറഞ്ഞു. ഇതുവരെ ഉത്തരമില്ലായിരുന്നു. ഇതുവരെ നീണ്ടത് ദൈവത്തിന്‍റെ വിധിയായിരിക്കുമെന്നും അഭിജിത്ത് കണ്ണീരോടെ പറഞ്ഞു.
രാപ്പകലില്ലാതെ കഷ്ടപ്പെട്ടവർക്ക് നന്ദിയെന്ന് അർജുന്‍റെ സഹോദരി അഞ്ജുവും ഭർത്താവ് ജിതിനും പ്രതികരിച്ചു. മൂന്നാം ഘട്ടത്തിൽ അർജുനെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു എന്നും ജിതിൻ പറഞ്ഞു. അർജുനെവിടെ എന്ന ഉള്ളിലെ വലിയ ചോദ്യത്തിന് ഉത്തരം കിട്ടിയെന്നായിരുന്നു അർജുന്റെ സഹോദരി അഞ്ജുവിന്റെ പ്രതികരണം.
അർജുന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകള്‍ ഇന്നു തന്നെ ശേഖരിക്കും. ഇതിന്‍റെ ഫലം രണ്ടു ദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം നടപടികള്‍ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം അർജുൻ ഓടിച്ചിരുന്ന ലോറി പൂര്‍ണമായി കരയിലെത്തിക്കാനുള്ള ശ്രമം രാവിലെ എട്ടിന് ആരംഭിക്കും. ഇന്നലെ ക്രെയിൻ ഉപയോഗിച്ച് കരകയറ്റാൻ ശ്രമിച്ചെങ്കിലും വടം പൊട്ടിയതോടെ കഴിഞ്ഞില്ല. കാണാതായ ലോകേഷ്, ജഗന്നാഥന്‍ എന്നിവർക്കായുളള തെരച്ചിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലായിരുന്നു മൃതദേഹം. അർജുനെ കാണാതായി എഴുപത്തിരണ്ടാം ദിവസമാണ് മൃതദേഹവും ലോറിയും കണ്ടെടുത്തത്.