രണ്ട് പേരെ ആബുംലൻസിൽ കയറ്റിയ ശേഷം തങ്ങൾ പിന്നാലെ എത്താമെന്നാണ് സംഘം ആംബുലൻസ് ഡ്രൈവറോട് പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് കാര്യങ്ങൾ അങ്ങനെയല്ലെന്ന് മനസിലായത്.
ഇറിഡിയം നൽകാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്തതിന്റെ വൈരാഗ്യത്തിൽ യുവാവിനെ മൂന്നംഗ സംഘം തല്ലിക്കൊന്നു. തൃശ്ശൂർ കയ്പമംഗലത്താണ് നടുക്കുന്ന സംഭവം നടന്നത്. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം, ആംബുലൻസിൽ കയറ്റിവിട്ട ശേഷം പ്രതികൾ മുങ്ങി. കണ്ണൂർ സ്വദേശികളായ കൊലയാളി സംഘത്തിനായി തെരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അതിക്രൂരമായ കൊലപാതകത്തിന് തൃശ്ശൂർ സാക്ഷിയായത്. കോയമ്പത്തൂർ സ്വദേശിയായ 40കാരൻ അരുൺ, സുഹൃത്ത് ശശാങ്കൻ എന്നിവർ അപകടത്തിൽപ്പെട്ടെന്നും വഴിയിൽ കിടക്കുകയാണെന്നും പറഞ്ഞ് ഒരു ഫോൺ കോൾ തൃശ്ശൂരിലെ ആംബുലൻസ് ഡ്രൈവർക്ക് എത്തി. അതിവേഗമെത്തിയ ഡ്രൈവർ കാണുന്നത് റോഡിൽ ചോരയിൽ കുളിച്ച് ഒരാൾ കിടക്കുന്നത്. സമീപത്തെ കാറിൽ പരിക്കേറ്റ ശശാങ്കൻ
ഉൾപ്പെടെ നാല് പേരുമുണ്ടായിരുന്നു.
അരുണിനെയും ശശാങ്കനെയും ആംബുലൻസിൽ കയറ്റുിയ ശേഷം തങ്ങൾ പിന്നാലെ എത്താമെന്ന് കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം ആംബുലൻസ് ഡ്രൈവറെ വിശ്വസിപ്പിച്ചു. ചീറിപ്പാഞ്ഞ് ആംബുലൻസ് ആശുപത്രിയിലേക്ക് കുതിച്ചു. ആശുപത്രിയിലെത്തിയപ്പോൾ തന്നെ അരുണിന്‍റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. അപ്പോഴാണ് നടന്ന കാര്യങ്ങൾ സുഹൃത്ത് ശശാങ്കൻ വെളിപ്പെടുത്തുന്നത്. സംഭവം ഇങ്ങനെ.
“കണ്ണൂർ സ്വദേശിയായ സാദിഖിന് ഇറിഡിയം നൽകാമെന്ന് പറഞ്ഞ് താനും അരുണും ചേർന്ന് 10 ലക്ഷം രൂപ വാങ്ങിയിരുന്നു. എറിഡിയം വീട്ടിൽ വച്ചാൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പ് മനസിലായ കണ്ണൂരിലെ സാദിഖും സംഘവും അരുണിനെയും ശശാങ്കനെയും തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിലേക്ക് വിളിച്ചുവരുത്തി. കാറിൽ ബലമായി പിടിച്ചുകയറ്റി. തുടർന്ന് സമീപത്തെ എസ്റ്റേറ്റിലെത്തിച്ച് അതിക്രൂരമായി തല്ലിച്ചതച്ചു. അരുണ്‍ മരിച്ചെന്ന് മനസ്സിലായതോടെ കൈപ്പമംഗലത്തെത്തിച്ച് ആംബുലന്‍സ് വിളിച്ചുവരുത്തി മൃതദേഹം കയറ്റിവിടുകയായിരുന്നത്രെ”