
പാഞ്ഞാൾ പഞ്ചായത്തിലെ പൈങ്കുളം തേറുങ്ങാട്ടിൽ വീട്ടിൽ രജനി, ഇരുപ്പലത്ത് സുജയുമാണ് പരാതിയുമായി രംഗത്തുവന്നത്.
പൊലീസ് വാഹനം ഇടിച്ച് പരിക്കേറ്റ യുവതികളെ ആശുപത്രിയിലെത്തിച്ച പൊലീസ് പിന്നീട് കൈവിട്ടതായി പരാതി. പാഞ്ഞാൾ പഞ്ചായത്തിലെ പൈങ്കുളം തേറുങ്ങാട്ടിൽ വീട്ടിൽ രജനി, ഇരുപ്പലത്ത് സുജയുമാണ് പരാതിയുമായി രംഗത്തുവന്നത്. മെയ് 11 ന് രാവിലെ ഷൊർണൂർ – കുളപ്പുള്ളി റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്.
ഷൊർണൂർ ഭാഗത്തേക്ക് വരികയായിരുന്ന ഒറ്റപ്പാലം സി ഐ സഞ്ചരിച്ചിരുന്ന വാഹനം രജനിയും സുജയും സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ വന്നിടിക്കുകയായിരുന്നു. പൊലീസ് വാഹനം അമിത വേഗതയിൽ ആയിരുന്നുവെന്നും ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഉൾപ്പെടെ ഗുരുതര പരിക്കുകൾ സംഭവിച്ചെന്നും യുവതികൾ പറയുന്നു. പരിക്കേറ്റ ഇരുവരേയും പൊലീസ് വാഹനത്തിൽ വാണിയംകുളം പി കെ ദാസ് സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ചികിത്സ ചെലവ് മുഴുവൻ വഹിക്കാം എന്ന് പറഞ്ഞ് കുറച്ച് തുക മാത്രം നൽകി പൊലീസ് പോയിയെന്നും പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നുമാണ് യുവതികളുടെ പരാതി. പിന്നീട് സുജക്കെതിരെ കേസെടുത്തെന്നും യുവതികൾ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും ഉൾപ്പെടെയുളളവർക്ക് യുവതികൾ പരാതി നൽകി.