എന്റെ മാതൃഭൂമി വിറ്റതാരെന്ന് എനിക്കറിയില്ലെങ്കിലും അതിന്റെ വിലയൊടുക്കുന്നത് ആരെന്ന് കാണുന്നു എന്ന് പലസ്തീന്‍ ദേശീയ കവി മഹ്മൂദ് ദാര്‍വിഷ് പറഞ്ഞിട്ട് 50 വര്‍ഷം കഴിയുന്നു. ഗസ്സ മാതൃഭൂമിയുടെ വില രക്തമായും കണ്ണീരായും ഒടുക്കുന്നത് യുദ്ധം തുടങ്ങി രണ്ട് വര്‍ഷം കഴിയുമ്പോഴും തുടരുന്നു. നേതാക്കള്‍ ചര്‍ച്ചകള്‍ തുടരുമ്പോഴും ഗസ്സയില്‍ നിലവിളികള്‍ മുഴങ്ങിക്കൊണ്ടിരിക്കുക തന്നെയാണ്. 67000 മനുഷ്യജീവനുകള്‍, പരുക്കേറ്റ 170,000 പേരുടെ രക്തവും പ്രാണവേദനയും, ഭാരമേറിയ 20,000 കുഞ്ഞ് ശവപ്പെട്ടികള്‍, മനുഷ്യര്‍ അധ്വാനിച്ച് കെട്ടിപ്പൊക്കിയ 436,000 കെട്ടിടങ്ങള്‍ എന്നിവ ഗസ്സ വിലയായി നല്‍കിക്കഴിഞ്ഞു. ഞങ്ങളും ഞങ്ങളുടെ മണ്ണും ഒരേ മാംസവും ഒരേ അസ്ഥികളുമാണെന്ന് ദാര്‍വിഷിന്റെ മറ്റൊരു കവിത പറയുന്നു. ഗസ്സയുടെ മണ്ണും വായുവും ജീവജാലങ്ങളും കുഞ്ഞുങ്ങളും സ്ത്രീകളും പുരുഷന്മാരും മനുഷ്യര്‍ കെട്ടിപ്പൊക്കിയ കെട്ടിടങ്ങളും അവരുടെ സ്വപ്‌നങ്ങളും ചേര്‍ന്നാണ് യുദ്ധത്തിന്റെ വിലയൊടുക്കിയത്. ഗസ്സയുടെ നഷ്ടങ്ങള്‍ ഇനിയെങ്കിലും ലോക മനസാക്ഷിയെ അസ്വസ്ഥമാക്കേണ്ടതുണ്ട്. (ruin of Gaza in two-year long war complete picture)
മനുഷ്യര്‍, കുഞ്ഞുങ്ങള്‍
ഗസ്സയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറെപ്പേരും സാധാരണക്കാരായ മനുഷ്യരാണ്. ഗസ്സയിലെ 67074 മനുഷ്യര്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. 168,716 പേര്‍ക്കാണ് യുദ്ധത്തില്‍ മാരകമായി പരുക്കേറ്റിട്ടുള്ളത്. മനസാക്ഷിയെ കൊത്തിവലിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വസ്തുത കൊല്ലപ്പെട്ടവരില്‍ 20000 പേര്‍ കുഞ്ഞുങ്ങളാണെന്നതാണ്. അതായത് ഗസ്സയിലെ ആകെ കുട്ടികളില്‍ രണ്ട് ശതമാനത്തെ ഇസ്രയേല്‍ സൈന്യം അപ്പാടെ കൊലപ്പെടുത്തി.
ചില വീടുകളിലെ എല്ലാവരും തന്നെ കൊല്ലപ്പെട്ടു. പക്ഷേ മറ്റ് ചില കുടുംബങ്ങളില്‍ അച്ഛനും അമ്മയും സഹോദരങ്ങളും നഷ്ടപ്പെട്ട് ചില കുട്ടികള്‍ മാത്രം ബാക്കിയായി. യുദ്ധപൂര്‍വ്വ ഗസ്സയിലെ ജനസംഖ്യയുടെ 10 ശതമാനം പേര്‍ കൊല്ലപ്പെടുകയോ ഭീകരമായി പരുക്കേല്‍ക്കുകയോ ചെയ്തു. മരിച്ചവരുടേയും നാടുവിട്ടവരുടേയും പട്ടികയില്‍ ഉള്‍പ്പെടാത്ത ആയിരക്കണക്കിന് പേരെ കാണാതായെന്നാണ് ഗാര്‍ഡിയന്‍ പത്രത്തിന്റെ റിപ്പോര്‍ട്ട്. വ്യോമാക്രമണങ്ങളില്‍ ചിതറിപ്പോയവര്‍, ഇസ്രയേല്‍ രഹസ്യമായി തടവില്‍ പാര്‍പ്പിക്കുന്നവര്‍, കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട് ശവശരീരം പോലും പുറത്തെടുക്കാനാകാതെ പോയവര്‍ എന്നിവരാകാമത്.
വിശപ്പ്, രോഗം
നേരിട്ടുള്ള യുദ്ധം മാത്രമല്ല ഗസ്സയിലെ കുഞ്ഞുങ്ങളെ ഉള്‍പ്പെടെ കൊല്ലുന്നത്. വിശപ്പ് സഹിക്കാതെ മരിച്ചവരും ഗസ്സയിലുണ്ട്. വിശപ്പും ശൈത്യവും രോഗങ്ങളും പകര്‍ച്ചവ്യാധികളും വ്യോമാക്രമണങ്ങളുടെ അനന്തരഫലങ്ങളും എല്ലാം മൂലം ഗസ്സയിലെ ആയുര്‍ദൈര്‍ഘ്യം പകുതിയായി കുറഞ്ഞതായി ഫെബ്രുവരി 8ന് മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച പഠനം പറയുന്നു. പോഷകാഹാര കുറവ് മൂലം 400 മരണങ്ങള്‍ ഗസ്സയില്‍ സംഭവിച്ചെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
എല്ലാം നഷ്ടമായവര്‍, വീട് തകര്‍ന്നവര്‍, കുടിയിറക്കപ്പെട്ടവര്‍
വന്‍ വാടകയും കൂലിയും കൊടുത്ത് ബുള്‍ഡോസറുകള്‍ ഉള്‍പ്പെടെ എത്തിച്ച് ഇസ്രയേല്‍ സൈന്യം ഗസ്സയിലെ വീടുകള്‍ പൊളിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പലരുടേയും മനുഷ്യായുസ്സിലെ മുഴുവന്‍ അധ്വാനവും വെറും മണ്ണായി മാറി. ഗസ്സയിലെ 78 ശതമാനം കെട്ടിടങ്ങളും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്. മനുഷ്യരുടെ ഈ തച്ചുതകര്‍ക്കപ്പട്ടെ സ്വപ്‌നങ്ങള്‍ അവശേഷിപ്പിച്ചത് 61 ദശലക്ഷം ടണ്‍ കെട്ടിട മാലിന്യങ്ങളാണ്. 436000 വീടുകള്‍ ഇതുവരെ തകര്‍ന്നു. 2.1 മില്യണ്‍ പലസ്തീനികള്‍ സ്വന്തം വീടുകളില്‍ നിന്ന് കുടിയിറക്കപ്പെട്ടു. ജനസംഖ്യയുടെ 95 ശതമാനം പേരും സ്ഥിരമായി കിടപ്പാടമില്ലാത്ത അവസ്ഥയിലാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിദ്യാഭ്യാസം
ജീവന് വേണ്ടി പിടയുന്ന കുഞ്ഞുങ്ങളുടെ പഠനം നിലച്ചിട്ട് കാലങ്ങളായി എന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. സ്‌കൂളുകളും കോളജുകളും രണ്ട് വര്‍ഷങ്ങളായി അടഞ്ഞ് കിടക്കുന്നതോടെ ഉന്നത വിദ്യാഭ്യാസത്തിനായി അഡ്മിഷനെടുത്ത 88000 വിദ്യാര്‍ഥികള്‍ അവരുടെ പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. 745000 വിദ്യാര്‍ഥികളുടെ പഠനം പാതിവഴിയിലായി. ഗസ്സയിലെ 90 ശതമാനത്തോളം വിദ്യാലയങ്ങളും ഏകദേശം 518 സ്‌കൂളുകളും തകര്‍ന്ന് തരിപ്പണമായി.
ആരോഗ്യരംഗം
ഗസ്സയിലെ 36 ആശുപത്രികളില്‍ 14 എണ്ണം മാത്രമേ ഇപ്പോള്‍ ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നുള്ളൂ. എന്‍ജിഒകള്‍ സ്ഥാപിച്ച താത്ക്കാലിക ആശുപത്രികളില്‍ ഉള്‍പ്പെടെ പരുക്കേറ്റ മനുഷ്യര്‍ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. വടക്കന്‍ ഗസ്സയിലെ അല്‍-ഷിഫ ആശുപത്രി സൗകര്യങ്ങള്‍ 240 ശതമാനം ശേഷിയിലും അല്‍-അഹ്ലി ആശുപത്രിയില്‍ 300% ശേഷിയിലുമാണ് രോഗികള്‍ ഉപയോഗിച്ച് വരുന്നത്. ആശുപത്രികളേയും ഇസ്രയേല്‍ സൈന്യം വെറുതേ വിടുന്നില്ല. ഗസ്സയിലെ ആരോഗ്യസംവിധാനങ്ങള്‍ക്ക് നേരെ 654 ചെറുതും വലുതുമായ ആക്രമണങ്ങളുണ്ടായി. 1700ലേറെ ആരോഗ്യപ്രവര്‍ത്തകര്‍ രണ്ട് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടു.
പരിസ്ഥിതി
2023ല്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചപ്പോള്‍ മുതല്‍ മുനമ്പിലെ 97 ശതമാനം മരങ്ങളും 95 ശതമാനം കുറ്റിച്ചെടികളും നശിച്ചുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. വാര്‍ഷിക വിളകളില്‍ 82 ശതമാനവും നഷ്ടപ്പെട്ടു. ഗസ്സയിലെ ഭക്ഷ്യോത്പാദനം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മനുഷ്യര്‍ മാത്രമല്ല ഗസ്സയിലെ മരങ്ങളും ജൈവവൈവിധ്യവും നരകിക്കുകയാണ്. പരിസ്ഥിതി നാശം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ പഠനം കണ്ടെത്തുന്നു. കൂടാതെ നിലവില്‍ കൃഷിഭൂമിയുടെ 1.5 ശതമാനം മാത്രമേ ഇനി കൃഷിയ്ക്ക് പറ്റുകയുള്ളൂവെന്നും യുഎന്‍ അറിയിച്ചു. യുദ്ധോപകരണങ്ങളില്‍ നിന്നുള്ള വിഷ വസ്തുക്കള്‍ ഗസ്സ മുനമ്പിലെ മണ്ണിനേയും ജലസ്രോതസ്സുകളെയും വന്‍തോതില്‍ മലിനമാക്കിയെന്നും യുഎന്‍ വ്യക്തമാക്കുന്നു.
.









