ശബരിമല തീർഥാടകർക്ക് വ്രതശുദ്ധി പോലെ തന്നെ വൃത്തിയും പ്രധാനമാണെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. സന്നിധാനവും പരിസരവും പരിപാവനമായി സൂക്ഷിക്കാൻ ഓരോ ഭക്തനും ശ്രദ്ധിക്കണം. അത് ഭക്തരുടെ കടമയാണ്. 18 മലകളാൽ ചുറ്റപ്പെട്ട പൂങ്കാവനമാണ് ശബരിമല. അവിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കണം. പ്രകൃതിയെയും ജീവജാലങ്ങളെയും അത് ദോഷകരമായി ബാധിക്കും. ഇരുമുടിക്കെട്ടിൽ നിന്ന് പ്ലാസ്റ്റിക് സാധനങ്ങൾ ഒഴിവാക്കണമെന്നും തന്ത്രി നിർദ്ദേശിച്ചു.
നടതുറന്നിരിക്കുന്ന സമയം കൂട്ടിയതിനാൽ ഭക്തർക്ക് നല്ല രീതിയിൽ ദർശനം നടത്താൻ സഹായകമായതായി കണ്ഠര് രാജീവര് പറഞ്ഞു. ഭക്തർ സന്തോഷത്തോടെയാണ് ദർശനം നടത്തി മടങ്ങുന്നത്. സർക്കാരിന്റെ ഭാഗത്തു നിന്ന് നല്ല സഹകരണമാണുണ്ടായത്. മന്ത്രി വി.എൻ. വാസവൻ ഒരു ദിവസം സന്നിധാനത്ത് തങ്ങിയാണ് കാര്യങ്ങൾ വിലയിരുത്തി മടങ്ങിയത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് സന്നിധാനത്ത് ദിവസങ്ങളായി തന്നെ തങ്ങി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. നിലയ്ക്കലിലെയും പമ്പയിലെയും ജർമ്മൻ പന്തലുകളും കുടിവെള്ള വിതരണവുമെല്ലാം ഭക്തരെ സംബന്ധിച്ച് വലിയ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.