സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സ്‌കൂള്‍ കായിക മേള “സ്കൂൾ ഒളിംപിക്സ് ” എന്ന പേരില്‍ നവംബര്‍ നാലു മുതല്‍ 11 വരെ എറണാകുളത്ത് നടത്തുമെന്ന് വായിച്ചു. ഗെയിംസും അത്‌ലറ്റിക്‌സും ഒരുമിച്ച് നടത്തുന്നതും വലിയ ഉത്സവമാക്കി മാറ്റുന്നതും നല്ലതാണ്. പക്ഷേ, ഒളിംപിക്‌സ് എന്ന വാക്ക് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ അനുവാദമില്ലാതെ ആര്‍ക്കും ഉപയോഗിക്കാനാവില്ല. ഇത്തരം മേളകള്‍ക്ക് ഒളിംപിക്‌സ് എന്ന വാക്ക് ഉപയോഗിക്കാന്‍ അവര്‍ അനുമതി നല്‍കാറില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
The name Olympics is protected by IOC and NOC എന്നാണ് ചട്ടം. ഒളിംപിക് വളയങ്ങള്‍, മാസ്‌കറ്റ്, പിന്നെ ഒളിംപിക്‌സ്, ഒളിംപിക് ഗെയിംസ് , ഒളിംപിക് ടോര്‍ച്ച് എന്നീ വാക്കുകളും ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് അനുസരിച്ച് ഐ.ഒ.സിക്കു മാത്രം അവകാശപ്പെട്ടതാണ്. അതിനുള്ള കാരണം ലോക വേദിയില്‍ ഒളിംപിക്‌സിനുള്ള അദരണീയ സ്ഥാനം എന്നു വ്യക്തമാക്കിയിട്ടുണ്ട്. (Because of the honoured place on the world stage).
ഒളിംപിക്‌സ് പ്രസ്ഥാനത്തില്‍ മൂന്നു ഘടകങ്ങളേയുള്ളൂ.ഐ.ഒ.സി, എന്‍.ഒ.സി,സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍. കേന്ദ്ര സര്‍ക്കാരുകള്‍ പോലും അതില്‍ വരുന്നില്ല. സര്‍ക്കാരിന്റെ ഇടപെടല്‍ ഒളിംപിക് ചാര്‍ട്ടറിന്റെ ലംഘനമാണ്.
ഇന്റര്‍നാഷനല്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ ഇന്ത്യയില്‍ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള വലിയൊരു പ്രസ്ഥാനം സ്‌കൂള്‍ ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് സയന്‍സ് തുടങ്ങിയപ്പോള്‍ പ്രധാന കെട്ടിടത്തിലും മറ്റും ഒളിംപിക് വളയങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് പരസ്യമായി മാപ്പ് എഴുതിക്കൊടുത്ത് നീക്കം ചെയ്യേണ്ടി വന്നു. മാത്രമല്ല, benefits of certificates will be annulled എന്ന ചട്ടം ഉള്ളതിനാല്‍ സ്‌കൂള്‍ കായികമേളയിലെ വിജയികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അസാധുവായെന്നു വരാം.
വിദ്യാഭ്യാസ വകുപ്പിന്റെ ആശയത്തെ അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ. എത്രയും വേഗം പേര് പരിഷ്‌കരിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരും. ചിലപ്പോള്‍ വന്‍ തുക പിഴയും ചുമത്താം. സൂക്ഷിച്ചാല്‍ നല്ലത്.
വാല്‍ക്കഷ്ണം: ടോക്കിയോ 2020 നമ്മുടെ ഒരു മന്ത്രിയുടെ ഓഫിസ് 2021 ആക്കി പരിഷ്‌കരിച്ച് പലര്‍ക്കും ആശംസ അയച്ചു. അന്നൊരു ടി വി ചര്‍ച്ചയില്‍ ഞാനിക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിയുടെ പരിചയക്കാരില്‍ ആരോ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയെന്ന് അറിഞ്ഞു. അദ്ദേഹം സ്‌പോര്‍ട്സ് മാന്‍ സ്പിരിറ്റോടെ അത് ഉള്‍ക്കൊണ്ടു.ഒളിംപിക്സ് മാറ്റിവച്ചപ്പോള്‍ ടോക്കിയോ 2020 മാറാതെ സംരക്ഷിച്ച് ആണ് സംഘാടക സമിതി കരാര്‍ എഴുതിയത്.