മഹേഷിന്റെ സംവിധാനത്തിൽ 2009ൽ പുറത്തിറങ്ങിയ കലണ്ടർ എന്ന ചിത്രത്തിലെ സോജപ്പൻ എന്ന കഥാപാത്രത്തെ ട്രോളുന്നവർക്ക് പൃഥ്വിരാജിന്റെ മറുപടി. അടുത്തിടെ പൃഥ്വിരാജുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റിന്റെയും കീഴിൽ സോജപ്പൻ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട ജിഫ് ഇമേജോ, കമന്റോ ധാരാളമായി കുമിഞ്ഞു കൂടുകയും അത് ഒരു ട്രെൻഡ് ആയി മാറുകയും ചെയ്തിരുന്നു. വിലായത്ത് ബുദ്ധ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് വിഷയത്തിൽ പ്രതികരിച്ചത്.
“ഞാനും സോജപ്പൻ ഫാനാണ്, സോജപ്പന്റെ ഫാൻസ് അസോസിയേഷനിൽ എന്നെയും ചേർക്കൂ” എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ചിത്രം റിലീസ് ചെയ്ത് കാലങ്ങൾക്ക് ശേഷം ചിത്രത്തിലെ പൃഥ്വിരാജിന്റെ ഗെറ്റപ്പും ചില എക്സ്പ്രെഷനുകളും ട്രോളന്മാർ ഏറ്റെടുത്തിരുന്നു എങ്കിലും അടുത്തിടെ പുറത്തുവന്ന ചിത്രത്തിലെ ‘പച്ചവെള്ളം തച്ചിന്’ എന്ന ഗാനത്തിന്റെ 4K പതിപ്പ്, ട്രോളുകളെ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിച്ചു.
യൂട്യൂബിൽ കലണ്ടർ എന്ന ചിത്രത്തിന്റെ റോസ്റ്റുകളും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പൃഥ്വിരാജിന്റെ ചില എക്സ്പ്രെഷനുകൾ അടങ്ങിയ രംഗങ്ങളും വെച്ച് കൊണ്ട് നിരവധി പോസ്റ്റുകളും അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഓരോ ആഴചയും എന്ത് ട്രെൻഡ് ആക്കാം എന്ന് കരുതി കാത്തിരിക്കുന്ന സോഷ്യൽ മീഡിയയുടെ നിലവിലെ സെൻസേഷൻ സോജപ്പൻ ആയെന്ന് മാത്രം.
ജയൻ നമ്പ്യാർ സംവിധാനം ചെയ്ത വിലായത്ത് ബുദ്ധയിൽ ഡബിൾ മോഹനൻ എന്ന ചന്ദനക്കടത്ത്കാരന്റെ വേഷമാണ് പൃഥ്വിരാജ് സുകുമാരൻ ചെയ്യുന്നത്. ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രത്തിൽ ഷമ്മി തിലകനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അയ്യപ്പനും കോശിയും, ഡ്രൈവിംഗ് ലൈസൻസ്, കടുവ ഇനീ ചിത്രങ്ങൾക്ക് ശേഷം ‘മെയ്ൽ ഈഗോ’ യുടെ കഥപറയുന്ന ഒരു പൃഥ്വിരാജ് ചിത്രമെന്ന പ്രത്യേകതയും വിലായത്ത് ബുദ്ധക്കുണ്ട്.









