ആലപ്പുഴ കലവൂര്‍ സുഭദ്ര കൊലപാതകത്തില്‍ പ്രതികള്‍ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് നിധിൻ മാത്യൂസും ശർമിളയും പിടിയിലായത്. രണ്ടുദിവസം മുൻപ് വരെ പ്രതികൾ ഉടുപ്പിയിൽ ഉണ്ടായിരുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ആഗസ്റ്റ് 10 ന് നാടുവിട്ട പ്രതികൾ വീണ്ടും അതെ മാസം 24 ന് മടങ്ങിയെത്തിയിരുന്നു. എന്നാൽ ഇവരെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ആയില്ല. പ്രതികളെ നാളെ വെളുപ്പിനെയോടെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിക്കും.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് കരിത്തല റോഡ് ‘ശിവകൃപ’യില്‍ സുഭദ്രയുടെ (73) മൃതദേഹമാണ് ആലപ്പുഴ കലവൂരിലെ ശര്മിളയുടെയും മാത്യുസിന്റെയും വാടകവീട്ടിലെ വളപ്പില്‍ നിന്ന് കണ്ടെത്തിയത്.
സുഭദ്രയുടെ കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്‍റെ നിഗമനം. കൊലയ്ക്ക് മുൻപ് തന്നെ വീടിന് പിന്നിൽ കുഴിയെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കടവന്ത്രക്കാരിയായ സുഭദ്രയെ ശർമിളയും മാത്യുവും ആലപ്പുഴ കലവൂരിലെ വീട്ടിൽ എത്തിച്ചത് സ്വർണവും പണവും മോഹിച്ചാണെന്ന നിഗമനത്തിലാണ് പൊലീസ്. എല്ലാം തട്ടിയെടുക്കാൻ സുഭദ്രയെ കൊല്ലണം എന്ന് നേരത്തെ തന്നെ പ്രതികൾ ഉറപ്പിച്ചിരുന്നു.
വീടിന് പിന്നിൽ മാലിന്യം നിക്ഷേപിക്കാണെന്നെന്ന പേരിൽ മാത്യുവും ശർമിളയും തന്നെ കൊണ്ടു കുഴിയെടുപ്പിച്ചുവെന്നും കുഴിയെടുക്കാൻ ചെന്ന ദിവസം ആ വീട്ടിൽ പ്രായമായ സ്ത്രീയെ കണ്ടുവെന്നുമാണ് മേസ്തിരി പൊലീസിന് നൽകിയ മൊഴി. ആഗസ്റ്റ് ഏഴിനാണ് വീട്ടിൽ കുഴിയെടുത്തത്. ജോലി ചെയ്തതിന്റെ ബാക്കി തുക കൈ പറ്റാൻ രണ്ട് ദിവസം കഴിഞ്ഞു ആ വീട്ടിൽ ചെന്നപ്പോൾ കുഴി മൂടിയതായി കണ്ടുവെന്നും മേസ്തിരി മൊഴി നൽകിയിട്ടുണ്ട്. ആഗസ്റ്റ് എഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ.