സിപിഐ ദേശീയ കൗൺസിൽ യോഗം ഇന്ന് മുതൽ ഡൽഹിയിൽ. മൂന്ന് ദിവസമാണ് യോഗം ചേരുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അവലോകനമാണ് പ്രധാന അജണ്ട. മഹാരാഷ്ട്രയിലെയും ഝാർഖണ്ഡിലെയും പാർട്ടിയുടെ പ്രകടനവും വിലയിരുത്തും. വരുന്ന പാർട്ടി കോൺഗ്രസിന്റെ വേദിയും സമ്മേളനങ്ങളുടെ സമയക്രമവും നിശ്ചയിക്കുകയാണ് യോഗത്തിന്റെ മറ്റൊരു അജണ്ട. 2025 ഡിസംബറിലാണ് പാർട്ടി കോൺഗ്രസ് ചേരുക.
അതേസമയം വയനാട്ടിലെ വോട്ടിലുണ്ടായ കുറവ് സിപിഐ സംസ്ഥാന നേതൃത്വത്തെ പാർട്ടിക്കുള്ളിൽ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ആറു മാസത്തിനുള്ളിൽ നടന്ന തിരഞ്ഞെടുപ്പിൽ 71,616 വോട്ടിന്റെ കുറവുണ്ടായത് പാർട്ടി നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്.
സിപിഎം ചേലക്കരയും പാലക്കാടും മാത്രം ശ്രദ്ധിക്കുകയും വയനാടിനെ അവഗണിക്കുകയും ചെയ്യാൻ കാരണം പാർട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന വികാരം പാർട്ടിയിലെ ഒരു വിഭാഗത്തിൽ ശക്തമാണ്.വിജയ സാധ്യതയില്ലാത്ത മണ്ഡലത്തിൽ മുതിർന്ന നേതാവായ സത്യൻ മൊകേരിയേ സ്ഥാനാർഥിയാക്കിയതും ചോദ്യം ചെയ്യപ്പെടും.