പാർട്ടി വിപ്പിന് പുല്ലുവില നൽകി പാർട്ടി വിമതനെ അവിശ്വാസത്തിലൂടെ പുറത്താക്കി സിപിഐഎം പഞ്ചായത്ത് അംഗങ്ങൾ. പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ബിനോയിയാണ് സിപിഐഎം അംഗങ്ങൾ നൽകിയ അവിശ്വാസപ്രമേയത്തിലൂടെ പുറത്തായത്. ബിനോയിയെ വീണ്ടും പാർട്ടിയിലേക്ക് അടുപ്പിക്കാനുള്ള നീക്കം നടക്കുന്നതിനിടെയായിരുന്നു പഞ്ചായത്ത് അംഗങ്ങളുടെ സർജിക്കൽ സ്ട്രൈക്ക്
സിപിഐഎം വിമതനായാണ് ബിനോയ് തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിച്ചത്.ഒടുവിൽ ബിജെപി-കോൺഗ്രസ്, അംഗങ്ങളുടെ പിന്തുണയോടെ പ്രസിഡന്റുമായി. നാലുവർഷം കഴിഞ്ഞപ്പോൾ പതിയെ പ്രസിഡന്റിന് മനം മാറ്റം വന്നുതുടങ്ങി. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ അടക്കം പ്രസിഡന്റ പങ്കെടുത്തു. എങ്കിലും തോട്ടപ്പള്ളി പഞ്ചായത്ത് അംഗങ്ങൾ ബിനോയിയെ അംഗീകരിക്കാൻ തയ്യാറായില്ല. നേതൃത്വം ഇടപെട്ട് ബിനോയിയെ പാർട്ടിയിലേക്ക് കൊണ്ടുവരാനുള്ള നീക്കം സജീവമായിരിക്കുകയാണ് സിപിഐഎം പഞ്ചായത്ത് അംഗങ്ങൾ തന്നെ ഇദ്ദേഹത്തിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത് .
പാർട്ടി അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിനെതിരെ വോട്ട് ചെയ്യാൻ ജില്ലാ നേതൃത്വം അംഗങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഇത് ലംഘിച്ചാണ് സിപിഐ എം അംഗങ്ങൾ പ്രസിഡന്റ ബിനോയിയെ പുറത്താക്കിയത്. ഇനി സമ്മേളനകാലത്ത് വിപ്പു ലംഘിച്ച പഞ്ചായത്തങ്ങൾക്കെതിരെ പാർട്ടി നടപടി എടുക്കുമോയെന്നാണ് കണ്ടറിയേണ്ടത്.