ലോകത്തെ സന്തുഷ്ട രാജ്യങ്ങളുടെ പട്ടിക പുറത്ത്. തുടർച്ചയായ എട്ടാമത്തെ വർഷവും ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള രാജ്യം ഫിൻലാൻഡ് ആണ്. വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് 2025 പ്രകാരമുള്ള കണക്കാണിത്. പട്ടികയിൽ നോർഡിക്ക് രാജ്യങ്ങൾ തന്നെയാണ് മുന്നിലുള്ളത്. ഓക്സ്ഫോർഡ് സർവകലാശാലയ്ക്ക് കീഴിലെ വെൽബിയിംഗ് റിസർച്ച് സെന്റർ ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഡെന്മാർക്ക് ഐസ്ലാൻഡ് സ്വീഡൻ എന്നീ രാജ്യങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളിൽ ഉള്ള മറ്റ് മൂന്ന് രാജ്യങ്ങൾ.
സ്വന്തം ജീവിതം സംബന്ധിച്ച ചോദ്യങ്ങൾക്ക് ജനങ്ങൾ നൽകുന്ന ഉത്തരത്തെ അടിസ്ഥാനമാക്കിയാണ് ഓരോ രാജ്യത്തെയും സന്തോഷം എത്രത്തോളം ഉണ്ടെന്ന് വിലയിരുത്തുന്നത്. അനലിറ്റിക്സ് സ്ഥാപനമായ ഗാലപ്പ്, ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലെ സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക് എന്നിവ കൂടി ഭാഗമായാണ് ഈ പഠനം നടത്തിയിരിക്കുന്നത്.
വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ വിലയിരുത്തലിൽ ഇന്ത്യ 118 ആം സ്ഥാനത്താണ്. 10 ൽ 4.389 ആണ് ഇന്ത്യയിലെ ജനങ്ങളുടെ സന്തോഷം. സമീപ വർഷങ്ങളിൽ 94 ആണ് ഇന്ത്യയുടെ ഏറ്റവും ഉയർന്ന റാങ്ക്. 144 ആയിരുന്നു ഏറ്റവും താഴ്ന്ന റാങ്ക്.
അതേസമയം അമേരിക്കയിൽ സന്തോഷം കുത്തനെ കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന സ്ഥാനമായ 24 ലേക്ക് അമേരിക്ക കൂപ്പുകുത്തി. 2012ലെ 11 ആയിരുന്നു ഏറ്റവും മികച്ച റാങ്കിംഗ്. റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്ന ആൾക്കാരുടെ എണ്ണത്തിൽ 53% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പട്ടികയിൽ ആദ്യം 20 സ്ഥാനങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളുടെ ആധിപത്യമാണ്. ഹമാസുമായി നിരന്തരം യുദ്ധത്തിൽ ഏർപ്പെടുന്ന ഇസ്രയേൽ പോലും പട്ടികയിൽ എട്ടാമത് ആണ്. കോസ്റ്റാറിക്ക, മെക്സിക്കോ രാജ്യങ്ങളും ആദ്യ പത്തിൽ എത്തി. യഥാക്രമം 6, 10 റാങ്കുകളിൽ ആണ് ഈ രാജ്യങ്ങൾ ഉള്ളത്.
ബ്രിട്ടന്റെ സ്ഥാനം 23 ലേക്ക് താഴ്ന്നു. അതേസമയം ലോകത്തെ ഏറ്റവും അസന്തുഷ്ടരായ ജനങ്ങൾ ഉള്ള രാജ്യം എന്ന സ്ഥാനം ഇക്കുറിയും അഫ്ഗാനിസ്ഥാനാണ്. സിയറ ലിയോൺ, ലബനൻ എന്നീ രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാന് തൊട്ടു മുന്നിലുള്ളത്.








