ഹരിപ്പാട് വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. അപകടം ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്ന് ആലപ്പുഴ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിൽ നിഗമനം. റിപ്പോർട്ട് ഉടൻ മന്ത്രിക്ക് കൈമാറും.
സ്റ്റേ വയർ സാമൂഹ്യവിരുദ്ധർ ഊരിയതാണെന്ന പ്രാഥമിക റിപ്പോർട്ടിനെതിരെ ജനരോഷം ഉയർന്നതോടെയണ് സമഗ്ര അന്വേഷണത്തിന് ചീഫ് സേഫ്റ്റി ഓഫീസറായ ആലപ്പുഴ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറെ ചുമതലപ്പെടുത്തിയത്. അപകട സ്ഥലത്ത് നടത്തിയ പരിശോധനയിൽ സ്റ്റേ വയർ നാളുകൾക്ക് മുന്നേ ഊരിമാറിയതാണെന്ന് കണ്ടെത്തി. സ്റ്റേ വയർ മണ്ണിൽ നിന്ന് മാറിയത് കണ്ടെത്താനോ പുനസ്ഥാപിക്കാനോ പള്ളിപ്പാട് സെക്ഷനിലെ ഉദ്യോഗസ്ഥർ മുൻകൈ എടുത്തില്ലെന്നും പരിശോധനയിൽ തെളിഞ്ഞു. സ്റ്റേവയർ ഫ്യൂസ് കാരിയറിൽ മുട്ടിയാണ് ഷോക്കേറ്റത്. ഫ്യൂസ് കാരിയർ കരിഞ്ഞു പോയതായും കണ്ടെത്തി.
കെസ്എബി ഉദ്യോഗസ്ഥർ, പാടശേഖര സമിതി ഭാരവാഹികൾ, നാട്ടുകാർ എന്നിവരുടെ മൊഴി ശേഖരിച്ചു. സ്റ്റേവയറുമായി ബന്ധപ്പെട്ട പരാതികൾ കെഎസ്ഇബി ഓഫീസിൽ എത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകി. ഉദ്യോഗസ്ഥ വീഴ്ച്ച ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് ഉടൻ മന്ത്രിക്ക് കൈമാറും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രീലതയുടെ മൊഴിയും രേഖപ്പെടുത്തും.









