സെപ്റ്റംബർ മാസം ഏറ്റവും കൂടുതൽ വില്പനയുമായി ഒന്നാം സ്ഥാനം നിലനിർത്തി മാരുതി സുസുക്കി. എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ് മാരുതി. സെപ്റ്റംബറിലെ റീട്ടെയിൽ കണക്കുകൾ പ്രകാരം 1,32,820 യൂണിറ്റുകളാണ് മാരുതി വിറ്റഴിച്ചത്. മഹീന്ദ്രയെയും ഹ്യുണ്ടായിയെയും പിന്നിലാക്കി ടാറ്റ രണ്ടാം സ്ഥാനത്തെത്തി. ടാറ്റ 60,907 യൂണിറ്റുകളുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ റീട്ടെയിൽ വിൽപ്പന കൈവരിച്ചു. മാർച്ചിലായിരുന്നു ടാറ്റ അവസാനമായി രണ്ടാം സ്ഥാനത്തെത്തിയിരുന്നത്.
മൂന്നാം സ്ഥാനത്തുള്ള മഹീന്ദ്ര 56,233 യുണീറ്റുകളാണ് പോയമാസം വിറ്റഴിച്ചത്. 51,547 യൂണിറ്റുകളുമായി ഹ്യുണ്ടായ് തൊട്ടുപിന്നിലെത്തി. മാരുതി മൊത്തം വിൽപ്പനയിൽ 135,711 യൂണിറ്റുകൾ ആഭ്യന്തര വിപണിയിലും 42,204 യൂണിറ്റുകൾ കയറ്റുമതിയായും വിറ്റഴിച്ചു. ജിഎസ്ടി പരിഷ്കാരവും ഉത്സവകാലവും വാഹന വിൽപനയിൽ വർധനവുണ്ടാക്കിയെന്നാണ് വാഹനനിർമാതാക്കൾ പറയുന്നത്.
രണ്ടാം സ്ഥാനത്തെത്തിയ ടാറ്റയുടെ വിൽപനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 47 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22,500-ൽ അധികം യൂണിറ്റുകൾ വിറ്റഴിച്ച നെക്സോൺ കോംപാക്റ്റ് എസ്‌യുവിയാണ് സെപ്റ്റംബറിൽ ടാറ്റയുടെ ഏറ്റവും വിറ്റഴിക്കപ്പെട്ട മോഡൽ. അതേസമയം എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് മഹീന്ദ്രയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് മാസത്തെ വിൽപനയനുമായി താരതമ്യം ചെയ്യുമ്പോൾ 42 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്ന്.
മൂന്നാം സ്ഥാനത്തുള്ള ഹ്യുണ്ടായിയുടെ വിൽപനയിലും കാര്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റിലെ 44,001 യൂണിറ്റുകളിൽനിന്ന് 17 ശതമാനം വർധനവാണ് ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. ക്രെറ്റ 18,861 യൂണിറ്റുകളുമായി എക്കാലത്തെയും മികച്ച പ്രതിമാസ വിൽപ്പന നേടി. ജിഎസ്ടി പരിഷ്കരണത്തിന് പിന്നാലെ ബ്രാൻഡുകൾ വില കുറച്ചതോടെയാണ് 2025 സെപ്റ്റംബർ രണ്ടാം പകുതി മുതൽ വിൽപ്പന കണക്കുകൾ കുതിച്ചുയർന്നത്.









