വനിതകളുടെ ട്വന്റി ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ ടീം ഇന്ത്യക്ക് ഇന്ന് നിര്‍ണായക മത്സരം. ദുബായില്‍ സെമി സാധ്യതക്കായി പാകിസ്താനുമായാണ് ഞായറാഴ്ച മത്സരിക്കുക. ഇന്ത്യയുടെ രണ്ടാം മാച്ചാണ് ഇത്. ആദ്യമത്സരത്തില്‍ ന്യൂസീലാന്‍ഡുമായി 58 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഞായറാഴ്ച വൈകുന്നേരം ദുബായില്‍ മൂന്നര മുതലാണ് ഗ്രൂപ്പ് എയിലെ മത്സരം.
ന്യൂസീലാന്‍ഡുമായി മത്സരിച്ചതില്‍ നിന്ന് ചില്ലറ മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ വരുത്തിയേക്കും. മുന്‍നിര ബാറ്റര്‍ ദയാലന്‍ ഹേമലത പാകിസ്താനെതിരെ ബാറ്റ് ചെയ്യും. ബൗളിങ് നിര മുന്‍മത്സരത്തിലേത് പോലെ തന്നെയായിരിക്കും. എങ്കിലും കൂടുതല്‍ വീര്യത്തോടെയായിരിക്കും പാക് വിക്കറ്റുകള്‍ക്കായി ബോളര്‍മാര്‍ ഗ്രൗണ്ടിലെത്തുക. കഴിഞ്ഞ മത്സരം തോല്‍വിയില്‍ കലാശിച്ചതിന് കാരണം ന്യൂസീലാന്‍ഡിന് കൂറ്റന്‍ സ്‌കോര്‍ നല്‍കിയതായിരുന്നു. ഇത്തവണ പാക് ബാറ്റര്‍മാര്‍ വലിയ സ്‌കോര്‍ ഉണ്ടാക്കാതിരിക്കാനുള്ള തീവ്ര ശ്രമമായിരിക്കും ഇന്ത്യന്‍ ബോളിങ് സംഘത്തില്‍ നിന്നുണ്ടാകുക.പരിചയസമ്പന്നയായ ഓള്‍റൗണ്ടര്‍ ദീപ്തിശര്‍മ്മക്ക് പ്രധാന പാക് വിക്കറ്റുകള്‍ എറിഞ്ഞിടേണ്ട ചുമതല നല്‍കും. മറ്റു സ്പിന്നര്‍മാരായ രാധ യാദവ്, മലയാളി താരം ആശ ശോഭന എന്നിവരും ആദ്യം തന്നെ പാക് വിക്കറ്റുകള്‍ വീഴ്ത്താനായിരിക്കും ലക്ഷ്യമിടുക. അതേ സമയം ആദ്യമത്സരത്തില്‍ ശ്രീലങ്കയെ 31 റണ്‍സിന് തോല്‍പ്പിച്ച ആവേശത്തിലാണ് പാകിസ്താന്‍ എത്തുന്നത്. 28-കാരിയായ സാദിയ ഇഖ്ബാല്‍, ഓള്‍ റൗണ്ടറായ നിദാ ദര്‍ എന്നിവരുള്‍പ്പെട്ട പാക് സ്പിന്‍നിര അതിശക്തമാണ്. പേസ് ഓള്‍റൗണ്ടറായ ക്യാപ്റ്റന്‍ ഫാത്തിമ സനയുടെ മികവും ടീമിന് കരുത്തേകും. എന്നാല്‍, പ്രധാന പേസ് ബൗളര്‍ ഡയാന ബെയ്ഗിന് ആദ്യമത്സരത്തിനിടെ പരിക്കേറ്റത് ഇന്നത്തെ മത്സരത്തില്‍ പാകിസ്താന് തിരിച്ചടിയാണ്. ഇന്ത്യയും പാകിസ്താനും ഇതിവരെ കളിച്ച 15 ട്വന്റി ട്വന്റി മത്സരങ്ങളില്‍ പന്ത്രണ്ടിലും വിജയിച്ചിട്ടുള്ളത് ഇന്ത്യയാണ്. എങ്കിലും ഇരുടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്. ഇനിയൊരു തോല്‍വികൂടി വഴങ്ങിയാല്‍ സെമികാണാതെ ഇന്ത്യ പുറത്താകും.