![](https://sakhionline.in/wp-content/uploads/2025/01/newspaper-1.jpg)
നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി’ – രാവിലെ പത്രത്തിന്റെ ഒന്നാം പേജ് കണ്ടവര്‍ ഞെട്ടി. വീണ്ടും നോട്ട് നിരോധനമോ? പത്ര കട്ടിങ് സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിച്ചതോടെ ആകപ്പാടെ ആശയക്കുഴപ്പം. ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലുമൊക്കെ ആളുകള്‍ വിളിയോടുവിളി. പക്ഷേ പത്രത്തിലേക്ക് ഒന്നുകൂടി നോക്കിയാല്‍ കാണാം, മാര്‍ക്കറ്റിങ് ഫീച്ചര്‍ എന്ന മുന്നറിയിപ്പ്. അപ്പോള്‍ കത്തും സംഗതി പരസ്യമാണെന്ന്. [Newspaper]
‘ലോകത്തെ ആദ്യ ആഴക്കടല്‍ നഗരം യാഥാര്‍ഥ്യമായി’, ‘കേരളത്തിലെ ആദ്യ റോബോ മന്ത്രി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു’, ‘ഗോളാന്തര കിരീടം പങ്കിട്ട് ഭൂമിയും ചൊവ്വയും’ എന്നിങ്ങനെ പോകുന്നു മറ്റ് തലക്കെട്ടുകള്‍. ടൈം മെഷീനില്‍ കയറി മറ്റേതോ കാലത്ത് എത്തിപ്പെട്ടപ്പോലെ! ഒന്നല്ല, മലയാളത്തിലെ പല പത്രങ്ങളുടെയും ഒന്നാം പേജ് സമാനമായിരുന്നു.
കൊച്ചി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ദി സമ്മിറ്റ് ഓഫ് ദി ഫ്യൂച്ചര്‍ 2025ന്റെ പ്രചരണാര്‍ഥം സൃഷ്ടിച്ച സാങ്കല്പിക വാര്‍ത്തകളാണിതെന്ന് പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്. 2050ല്‍ പത്രത്തിന്റെ ഒന്നാം പേജ് എങ്ങനെയായിരിക്കുമെന്ന് ഭാവന ചെയ്യുകയാണിവിടെ. ആദ്യം ചില ആശയക്കുഴപ്പം ഉണ്ടായെങ്കിലും പരസ്യം സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ചര്‍ച്ചയാണ്.