മൊസാബിക്കിലെ ബെയ്റ തുറഖമുഖത്തുണ്ടായ അപകടത്തില്‍ മരിച്ച കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും. ഞായറാഴ്ച കണ്ടെത്തിയ മൃതദേഹം ശ്രീരാഗിന്റേതാണെന്നു സ്ഥിരീകരിച്ച ശേഷമാണ് സ്‌കോര്‍പിയോ മറൈന്‍ കമ്പനി ഇക്കാര്യം ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചത്. മൃതദേഹം വിട്ട് കിട്ടാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വീട്ടുകാരെ അറിയിച്ചു.
വ്യാഴ്ചയോ, വെള്ളിയാഴ്ചയോ മൃതദേഹം നാട്ടില്‍ എത്തിക്കും. ബെയ്‌റ തുറമുഖത്തിനു സമീപം ഈ മാസം 16ന് പുലര്‍ച്ചെയായിരുന്നു അപകടം.
സ്‌കോര്‍പിയോ മറൈന്‍ കമ്പനിയുടെ ഇലക്ട്രോടെക്‌നിക്കല്‍ ഓഫിസറാണ് ശ്രീരാഗ്. എണ്ണ ടാങ്കറായ സീക്വസ്റ്റ് കപ്പലില്‍ ജോലിയില്‍ പ്രവേശി ക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജന്‍സിയുടെ ബോട്ട് മുങ്ങിയാണ് അപകടം.
ശ്രീരാഗ് രാധാകൃഷ്ണന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് സംബന്ധിച്ച നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുവാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികാരികളോട് ആവശ്യപ്പെട്ടു.









