കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സി പ്രേംകുമാർ സംവിധാനം ചെയ്ത ‘മെയ്യഴകൻ’ എന്ന ചിത്രം റിലീസ് ചെയ്ത് ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി സംവിധായകന്റെ വാക്കുകൾ. ചിത്രം മലയാളത്തിൽ നിർമ്മിച്ചിരുന്നെങ്കിൽ വിജയമായേനെയെന്നാണ് നിരൂപകൻ ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടത്.
“ചിത്രം റിലീസ് ചെയ്തപ്പോൾ തമിഴിൽ നിന്നുള്ള സിനിമ നിരൂപകരുടെ റിവ്യൂകൾ അങ്ങേയറ്റം മര്യാദയില്ലാത്തതായിരുന്നു. എന്നാൽ കേരളത്തിൽ നിന്നും നിരൂപകരും പ്രേക്ഷകരും വളരെ മികച്ച രീതിയിൽ പ്രതികരിച്ചു. ആ അന്തരീക്ഷം കൊണ്ടോ, സിനിമയുടെ സ്വഭാവം കൊണ്ടോ ആണോന്നറിയില്ല പലരും എന്നോട് പറഞ്ഞിരുന്നു, ഈ ചിത്രം മലയാളത്തിലോ നിർമ്മിച്ചിരുന്നെങ്കിൽ ഇതിലും വലിയ വിജയം കൈവരിച്ചേനേയെന്ന്. അത് കേട്ടപ്പോൾ ആദ്യം വിഷമം തോന്നിയെങ്കിലും, ഇപ്പോൾ അതാണ് ശരിയെന്ന് എനിക്കും തോന്നുന്നു” സി പ്രേംകുമാർ പറഞ്ഞു.
ഫീൽ ഗുഡ് ഡ്രാമ സ്വഭാവത്തിൽ ഒരുക്കിയ ചിത്രം നിർമ്മിച്ചത് 2D എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സൂര്യ ശിവകുമാറായിരുന്നു. ചിത്രത്തിന് തമിഴ്‌നാട്ടിൽ സമ്മിശ്ര പ്രതികരണങ്ങളായിരുന്നെങ്കിലും കേരളത്തിലും ആന്ധ്രയിലും വിജയമായി മാറിയിരുന്നു. സി പ്രേംകുമാറിനെ മുൻ ചിത്രമായ 96 നും കേരളത്തിൽ ആരാധകർ നിരവധിയാണ്.
വളരെ ഹാനികരമായ സ്വഭാവത്തിലുള്ള സിനിമ നിരൂപണം സിനിമയുടെ വളർച്ചയ്ക്ക് തടസ്സമാകുന്നുണ്ട് എന്നും തന്റെ ചിത്രമടക്കം തമിഴിൽ അടുത്തിടെ റിലീസ് ചെയ്ത കൊട്ടുകാളി പോലെയുള്ള സിനിമകൾ സാമ്പത്തിക ലാഭം കൈവരിക്കാത്തതിൽ അലക്ഷ്യമായി പെരുമാറിയ നിരൂപകർക്ക് പങ്കുണ്ട് എന്നുമദ്ദേഹം കൂട്ടിച്ചേർത്തു. ഫഹദ് ഫാസിൽ നായകനാകുന്ന ആക്ഷൻ ത്രില്ലറാണ് സി പ്രേംകുമാർ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം. അതിനു ശേഷം 96 ന്റെ രണ്ടാം ഭാഗമുണ്ടാകുമെന്നും ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിയെന്നും സി പ്രേംകുമാർ വെളിപ്പെടുത്തി.









