ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് നാളെ ഒരു വര്‍ഷം തികയുന്നു. ഹമാസ് ഇസ്രയേലില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഗസ്സയില്‍ മരണസംഖ്യ 42,000ത്തോട് അടുക്കുകയാണ്. സമീപകാല സംഭവവികാസങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇറാനും ഇസ്രയേലും പ്രത്യക്ഷയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതി നിലനില്‍ക്കുകയാണ്.
യെമനിലെ ഹൂതികള്‍ ഇസ്രയേലിലേക്ക് മിസൈലുകള്‍ വിക്ഷേപിക്കുകയും ചെങ്കടലില്‍ കപ്പലുകളെ നിരന്തരം ആക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇറാന്റെ പ്രോക്സികളായ ഹിസ്ബുല്ലയുടേയും ഹമാസിന്റെയും പ്രധാന നേതാക്കളെ ഇസ്രയേല്‍ ഇല്ലാതാക്കിയതിനു പിന്നാലെ, ഇസ്രയേലിലേക്ക് ഇറാന്‍ മിസ്സൈലാക്രമണം നടത്തിയതും ഇറാനും ഇസ്രയേലും പ്രത്യക്ഷയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതിക്കും ഇടയാക്കിയിരിക്കുന്നു. ഗസ്സയിലെ മരണനിരക്കാകട്ടെ 42,000-ത്തോട് അടുക്കുകയാണ്. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലും കരയുദ്ധത്തിലും കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു. ഗസ്സയെ കടുത്ത ഭക്ഷ്യക്ഷാമവും രോഗങ്ങളും വേട്ടയാടുകയാണ്.
\ഇസ്രയേലില്‍ നിന്നും ഹമാസ് ബന്ദികളാക്കിയ 251 പേരില്‍ 91 പേര്‍ മാത്രമേ ശേഷിക്കുന്നുള്ളു. യുദ്ധത്തിനിടെ 2023 നവംബറില്‍ ഇസ്രയേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തലുകളും ബന്ദി കൈമാറ്റവും നടന്നെങ്കിലും സമാധാനം പുനസ്ഥാപിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങള്‍ ഫലവത്തായില്ല. ലെബനനിലുണ്ടായ പേജര്‍ സ്ഫോടന പരമ്പരയും ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ലയേയും മറ്റ് പ്രമുഖ നേതാക്കളേയും കൊലപ്പെടുത്തിയതും ലെബനനിന് നേരെയുള്ള ഇസ്രയേലിന്റെ കരയുദ്ധവും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിക്കൊണ്ടിരിക്കുകയാണ്.