ബലാത്സംഗക്കേസില്‍ സിദ്ദിഖിന് താത്കാലിക ആശ്വാസം. അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സിദ്ദിഖ് ഫേസ്ബുക്ക് അക്കൗണ്ട് ഉള്‍പ്പെടെ മരവിപ്പിച്ചതിനാല്‍ തേഡ് പാര്‍ട്ടിയുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ലഭിച്ചതെന്നും സിദ്ദിഖ് ഒരു തരത്തിലും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പൊലീസ് കോടതിയില്‍ ഉയര്‍ത്തിയത്. (Supreme Court will consider the anticipatory bail plea of siddique after two weeks)
അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നുമാണ് കോടതിയെ സിദ്ദിഖ് ധരിപ്പിച്ചത്. താന്‍ എവിടെപ്പോയാലും പൊലീസ് നിരീക്ഷിക്കുന്നു, അജ്ഞാതരായ ചിലര്‍ നിരീക്ഷിക്കുന്നു എന്നും സിദ്ദിഖ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്ന നിലപാടെടുത്ത് പൊലീസ് നില്‍ക്കുമ്പോഴാണ് സിദ്ദിഖിന് കോടതിയില്‍ നിന്ന് താത്കാലിക ആശ്വാസം ലഭിക്കുന്നത്.
സിദ്ദിഖിന്റെ ജാമ്യാപേക്ഷ സ്ത്രീത്വത്തിന്റെ അന്തസിനെ ഹനിക്കുന്നതാണെന്ന് പൊലീസ് ആരോപിച്ചിരുന്നു. അതിജീവിതയോട് അങ്ങേയറ്റം അപമര്യാദയോടെയും അനാദരവോടെയും പെരുമാറുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കേണ്ടത് കൊണ്ട് അന്വേഷണപ്രക്രിയ സങ്കീര്‍ണമാണ്. തെളിവുകള്‍ക്കായി സിദ്ദിഖിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്.