തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി അടുത്തയാഴ്ച വയനാട്ടിൽ എത്തും. ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും എന്നാണ് സൂചന. വൻ സ്വീകരണ പരിപാടികളാണ് യുഡിഎഫ് ഒരുക്കുന്നത്.
റോഡ് ഷോയോട് കൂടിയാണ് പ്രചാരണത്തിന് തുടക്കം കുറിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനുശേഷം ആദ്യമായാണ് പ്രിയങ്ക വയനാട്ടിലേക്ക് വരുന്നത്. ആർഎസ്എസിനെ ഭയന്നാണ് കോൺഗ്രസ് പ്രിയങ്കാ ഗാന്ധിയെ വയനാട്ടിലേക്ക് കൊണ്ടുവരുന്നതെന്ന് എൽഡിഎഫ് ലോക്സഭാ സ്ഥാനാർത്ഥി സത്യൻ മൊകേരി പറഞ്ഞു.
സത്യൻ മൊകേരിയേ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ എൽഡിഎഫ് ക്യാമ്പും പ്രചാരണത്തിൽ സജീവമായി. NDA സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വയനാട്ടിലെ പ്രചാരണ പരിപാടികൾ എൽഡിഎഫ് ശക്തമാക്കി.
യുഡിഎഫിന്റെ ഉറച്ചകോട്ടയായ വയനാട്ടില്‍ 2014-ല്‍ എംഐ ഷാനവാസിനെ വിറപ്പിച്ചിരുന്നു സത്യന്‍ മൊകേരി. ഷാനവാസ് ജയിച്ചത് ഇരുപതിനായിരം വോട്ടിന്. പിവി അന്‍വര്‍ മുപ്പതിനായിരത്തിന് മുകളില്‍ വോട്ട് പിടിച്ചില്ലായിരുന്നെങ്കില്‍ അന്ന് മണ്ഡലം കൂടെ പോന്നേനെ എന്ന് സിപിഐ ഇന്നും വിശ്വസിക്കുന്നു. വയനാട് മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഒരു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയ ഏറ്റവും വലിയ വോട്ടാണ് സത്യന്‍ മൊകേരി പിടിച്ചത്.വയനാട് സീറ്റ് കോൺഗ്രസ് കുടുംബത്തിന് ആരും തീറെഴുതി കൊടുത്തിട്ടില്ലെന്ന് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു.