തമിഴ് സിനിമാലോകത്ത് ‘തല’ എന്നറിയപ്പെടുന്ന സൂപ്പർതാരം അജിത് കുമാർ താൻ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ്. ഗുരുതരമായ ഉറക്കക്കുറവാണ് (Sleep Deprivation) താരത്തെ അലട്ടുന്നത്. വിമാനയാത്രകളിൽ മാത്രമാണ് കുറച്ചെങ്കിലും ഉറങ്ങാൻ സാധിക്കുന്നതെന്നും, സാധാരണയായി പരമാവധി 4 മണിക്കൂർ മാത്രമേ ഉറങ്ങാൻ കഴിയാറുള്ളൂ എന്നും അദ്ദേഹം വെളിപ്പെടുത്തി.
“എനിക്ക് ഉറക്കം വരുന്നത് കുറവാണ്. പലപ്പോഴും ഉറക്കം വരാതെ ഞാൻ ബുദ്ധിമുട്ടുന്നു. ഇനി ഉറങ്ങിയാലും പരമാവധി 4 മണിക്കൂർ മാത്രമേ എനിക്ക് ഉറങ്ങാൻ സാധിക്കുകയുള്ളൂ,” അജിത് പറയുന്നു. ഈ അവസ്ഥ തന്റെ ദിനചര്യയെയും വിശ്രമ സമയങ്ങളെയും ബാധിച്ചതായും താരം വ്യക്തമാക്കി.
ഉറക്കക്കുറവ് കാരണം വിശ്രമവേളകളിൽ സിനിമകളോ വെബ് സീരീസുകളോ കാണാൻ പോലും തനിക്ക് സാധിക്കുന്നില്ലെന്നും, പലപ്പോഴും സ്വന്തം സിനിമകൾ പോലും കാണാൻ കഴിയാറില്ലെന്നും അദ്ദേഹം പറയുന്നു. ഈ രോഗാവസ്ഥ കാരണം പെട്ടെന്ന് ക്ഷീണിതനാകുകയും ചെയ്യുന്നതായും അജിത് കൂട്ടിച്ചേർത്തു. അതേസമയം വിമാനയാത്രകളിലാണ് തനിക്ക് പിന്നെയും കുറച്ചെങ്കിലും ഉറക്കം ലഭിക്കാറ് എന്നും താരം വെളിപ്പെടുത്തി.
വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് സംസാരിച്ച അജിത്, തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ യാത്ര ചെയ്യുമ്പോൾ പലപ്പോഴും കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാറില്ലെന്നും വെളിപ്പെടുത്തി. ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണ ഭാര്യ ശാലിനിയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യൽ മീഡിയയെക്കുറിച്ചുള്ള തന്റെ അഭിപ്രായവും താരം പങ്കുവെച്ചു. സോഷ്യൽ മീഡിയ ശരിയായ കൈകളിലാണെങ്കിൽ അതൊരു മികച്ച ഉപകരണം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ രാജ്യാന്തര തലത്തിൽ ഇന്ത്യൻ സിനിമകൾ കൂടുതൽ ശ്രദ്ധിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അജിത് സംസാരിച്ചു. കൊറിയൻ സിനിമകൾ ലോകശ്രദ്ധ നേടുന്നതിനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം കൊറിയൻ സിനിമകൾ കണ്ട് കൊറിയൻ ഭാഷ പഠിച്ച സുഹൃത്തുക്കൾ തനിക്കുണ്ടെന്നും ഓർമ്മിപ്പിച്ചു.
തന്റെ ഇഷ്ടവിനോദമായ കാർ റേസിംഗിലെ അപകട സാധ്യതകളെക്കുറിച്ചും താരം സംസാരിച്ചു. ദുബായിൽ അടുത്തിടെയുണ്ടായ അപകടത്തെക്കുറിച്ച് ആരാധകർ ഭയപ്പെട്ടെങ്കിലും, അതെല്ലാം മത്സരത്തിന്റെ ഭാഗം മാത്രമാണെന്നാണ് അജിത് നൽകിയ വിശദീകരണം.









