
കൊല്ലം പത്തനാപുരത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിന് നാട്ടുകാർ പിടികൂടിയ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി. ഗ്രേഡ് എസ് ഐ സുമേഷ്, സിപിഒ മഹേഷ് എന്നിവരെയാണ് കൊട്ടാരക്കര റൂറൽ എസ്പി സാബു മാത്യു അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ട്വന്റി ഫോർ വാർത്തയെത്തുടർന്നാണ് നടപടി.
രണ്ടു ദിവസം മുമ്പാണ് അർധരാത്രിയോടെ പത്തനാപുരം പട്ടണത്തിൽ കൺട്രോൾ റൂം വാഹനത്തിലെത്തിയ 2 പൊലീസുകാർ മദ്യപിച്ച് ലക്കുകെട്ടിരിക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. നാട്ടുകാർ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുംചെയ്തു. സ്ഥലത്തുനിന്നും കടന്നു കളയാൻ ശ്രമിച്ച ഇരുവരെയും തടഞ്ഞുവച്ചു. പൊലീസ് വാഹനത്തിനുള്ളിൽ മദ്യകുപ്പികളുൾപ്പെടെ നാട്ടുകാർ കണ്ടെത്തി. ഇതോടെ തടഞ്ഞു നിർത്തിയവരെ ഇടിച്ചുതെറിപ്പിക്കും വണ്ണം അപകടകരമായ നിലയിൽ വാഹനമോടിച്ച് പൊലീസുകാർ കടന്നു കളഞ്ഞു. ഈ ദൃശ്യങ്ങൾ ട്വന്റി ഫോർ പുറത്തുവിട്ടതോടെയാണ് കൺട്രോൾ റൂം ഗ്രേഡ് എസ് ഐ സുമേഷ്, സി പി ഒ മഹേഷ് എന്നിവരെ തിരിച്ചറിഞ്ഞത്.
ഇരുവർക്കുമെതിരെ വകുപ്പുതലനടപടിയുടെ ഭാഗമായി റൂറൽ എസ്പി സാബു മാത്യു അന്വേഷണ വിധേയമായി സസ്പെന്റു ചെയ്തുള്ള ഉത്തരവിറക്കി. റൂറൽ എസ്പി നേരിട്ടുനടത്തിയ അന്വേഷണത്തിൽ തന്നെ ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തുകയായിരുന്നു. ഒട്ടും വൈകാതെയാണ് നടപടിയെടുത്തത്. മദ്യപിച്ച് ജോലിക്കെത്തിയതിന് സുമേഷ് ഇതിന് മുമ്പും വകുപ്പുതല ശിക്ഷാനടപടി നേരിട്ടിട്ടുണ്ട്.